തിരുവനന്തപുരം: സംസ്ഥാനത്തെ നൂറു ടൺ സാനിട്ടറി മാലിന്യവും സംസ്കരിക്കാനുള്ള പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞു. തൃശൂർ,പാലക്കാട്,വർക്കല,എളവള്ളി,കൊരട്ടി എന്നിവിടങ്ങളിൽ സാനിട്ടറി മാലിന്യ സംസ്‌കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്ററുകളുണ്ട്. ഇനി നാല് റീജിയണൽ പ്ലാന്റുകൾ കൂടി വരും. ബ്രഹ്മപുരത്തെ 9 ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിൽ 90 ശതമാനവും നീക്കിക്കഴിഞ്ഞു. ശേഷിച്ചത് ഒരുമാസത്തിനകം നീക്കും. അവിടെ 93കോടി ചെലവിൽ പ്രതിദിനം 150ടൺ ജൈവമാലിന്യം സംസ്കരിക്കാൻ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പൂർത്തിയായിട്ടുണ്ട്. ഇതേമാതൃകയിൽ പാലക്കാട്ടും പ്ലാന്റ് 2മാസത്തിനകം പൂർത്തിയാക്കും. കോഴിക്കോട് ബി.പി.സി.എല്ലുമായി ചേർന്ന് പ്ലാന്റിന് കരാറൊപ്പിട്ടു. തിരുവനന്തപുരം,കൊല്ലം,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലും സമാനമായ പ്ലാന്റ് സ്ഥാപിക്കും. ബയോ മൈനിംഗിലൂടെ 24 മാലിന്യനിക്ഷേപ കേന്ദ്രങ്ങളിൽ നിന്ന് 358278.55 ടൺ മാലിന്യം നീക്കി. മാലിന്യം വലിച്ചെറിയുന്നതിന് ജനുവരി മുതൽ ജൂൺ വരെ 8.55കോടി പിഴയീടാക്കിയെന്നും വി.കെ.പ്രശാന്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |