ഡോക്ടർമാരുടെയും എൻജിനിയർമാരുടെയും കയ്യിൽ നിന്ന് കോടികൾ ഫേക്ക് നിക്ഷേപ ആപ്പുവഴി പോയെന്ന വാർത്ത കാണുമ്പോൾ സാധാരണക്കാർ മൂക്കത്ത് വിരൽ വെയ്ക്കും. ഇവരൊക്കെ വിവരവും വിദ്യാഭ്യാസവും ഉള്ളവരല്ലേ. സാമാന്യബോധമില്ലേ. ആരെങ്കിലും ഇത്തരം സ്‌കീമുകളിൽ കൊണ്ടുപോയി തലവെക്കുമോ?
സാധാരണക്കാരായ ആളുകൾ കഷ്ടപ്പെട്ട് മിച്ചം പിടിച്ചു സമ്പാദിച്ച പണം വല്ല ചിട്ടിക്കാരോ തട്ടിപ്പ് സ്‌കിം കാരോ പറ്റിച്ച് കൊണ്ടുപോകുമ്പോൾ ധനികരും വിദ്യാസമ്പന്നരും ഇതേപോലെ മൂക്കത്ത് വിരൽ വെയ്ക്കും, ഇതേ ചോദ്യം ചോദിക്കും.
ചുരുക്കിപറഞ്ഞാൽ നിക്ഷേപകാര്യം വരുമ്പോൾ ധനികരും വിദ്യാസമ്പന്നരുമായ ആളുകളും ദരിദ്രരും സാധാരണക്കാരുമായ ആളുകളും സാമാന്യ ബോധം പോലും ഇല്ലാത്തവരെപ്പോലെ പെരുമാറുന്നു. എന്താണ് കാരണം. ഉത്തരം വളരെ ലളിതമാണ്. ഈസി മണി സ്വപ്നം കണ്ട് നടക്കുന്നവർ ഇതിൽ വീഴും.
പണ്ട് ലാബെല്ല, ഓറിയന്റൽ, ആടു തേക്ക് മാഞ്ചിയം എങ്കിൽ ഇന്ന് ഷെയർ ട്രേഡിംഗ് ആപ്, ക്രിപ്റ്രോ, ഓൺലൈൻ സ്‌കീമുകൾ. നമ്മുടെയൊക്കെ ഉള്ളിലെ രണ്ട് അടിസ്ഥാന സ്വഭാവങ്ങളാണ് ഇത്തരം സ്‌കീമുകളുടെ വലയിൽ വീഴാനുള്ള കാരണം. ഭയവും അത്യാഗ്രഹവും. ഇത് രണ്ടും പണക്കാരിലും പാവപ്പെട്ടവരിലും ഉണ്ട്. നിക്ഷേപിച്ച പണം നഷ്ടപ്പെടുമോ എന്ന ഭയം ഒരു വശത്ത്. അൽപം ലാഭം കിട്ടിത്തുടങ്ങിയാൽ കൂടുതൽ വേണമെന്ന അത്യാഗ്രഹം മറുവശത്ത്. രണ്ടിനുമിടയിൽ മലയാളികളുടെ ബാലൻസ് തെറ്റുന്നു. വലിയ ലാഭം, അല്ലെങ്കിൽ ഇരട്ടി വരുമാനം എന്നൊക്കെ കേൾക്കുമ്പോൾ സാമാന്യബോധം പമ്പകടക്കും.
മലയാളികളുടെ നിക്ഷേപ രീതികൾ ഇപ്പോഴും പരമ്പരാഗതമാണ്. സ്വർണം, ഭൂമി, ബാങ്ക് നിക്ഷേപം, ചിട്ടി, കുറച്ച് മ്യുച്വൽ ഫണ്ട്, തീർന്നു നിക്ഷേപ ലോകം. ആപ്, ഫോറിൻ എക്‌സ്‌ചേഞ്ച്, ക്രിപ്റ്റോ തുടങ്ങിയവ ഉപയോഗിച്ചുള്ള പുതിയ നിക്ഷേപ രീതികൾ കാണുമ്പോൾ അവയെ വിലയിരുത്താനുള്ള ശേഷി പലർക്കും ഇല്ല. ഇത്തരം കാര്യങ്ങളിലെ നമ്മുടെ തീരുമാനങ്ങളെ പലപ്പോഴും സ്വാധീനിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളുമാണ്.
ഇന്ത്യയിൽ ഇന്ന് വ്യവസ്ഥാപിത മാർഗങ്ങളിലൂടെ കിട്ടാവുന്ന ഏറ്റവും വലിയ പലിശ നിരക്ക് എന്നാൽ അത് ആർ.ബി.ഐ മാർഗനിർദേശത്തെ അടിസ്ഥാനമാക്കി ബാങ്കുകൾ നൽകുന്ന പലിശ നിരക്കാണ്. അതിൽ കൂടുതൽ പലിശ തരാമെന്ന് പറഞ്ഞാൽ നിക്ഷേപിച്ച മുതൽ തിരിച്ചുകിട്ടാനുള്ള സാദ്ധ്യത കുറവാണ് എന്നാണ് അർത്ഥം. വാഗ്ദാനം ചെയ്യുന്ന ലാഭം എത്ര കൂടുന്നോ അത്രയും റിസ്‌ക് മുതലിന്മേൽ കൂടും. പുതിയൊരു നിക്ഷേപ മാർഗത്തെക്കുറിച്ച് കേൾക്കുമ്പോൾ മൂന്നു ചോദ്യങ്ങൾ സ്വയം ചോദിക്കണം. ഈ സ്‌കീം ആർ.ബി.ഐ അല്ലെങ്കിൽ സെബിയുടെ നിയന്ത്രണത്തിലുള്ളതാണോ. വാഗ്ദാനം ചെയ്യുന്ന ലാഭം അല്ലെങ്കിൽ പലിശ നിരക്ക് യാഥാർത്ഥ്യബോധ്യത്തോടെയുള്ളതാണോ. ഈ സ്‌കീം ഇറക്കിയിരിക്കുന്ന കമ്പനിയുടെ ഉടമകളെ നമുക്ക് നേരിട്ട് സമീപിക്കാവുന്നതാണോ. ഉത്തരം അല്ല എന്നാണ് എങ്കിൽ ഇത് നമുക്കുള്ളതല്ല എന്ന് തന്നെയാണ് അർത്ഥം.
കെ.കെ ജയകുമാർ
ഇ-മെയിൽ: jayakumarkk8@gmail.com
(പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററും ആണ് ലേഖകൻ.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |