തൃശൂർ: എല്ലാം ദൈവം തന്നതാണ്, തിരിച്ചെടുക്കുന്നതുവരെ ദൈവത്തെ സ്തുതിക്കാനുള്ളതാണു ജീവിതം' എന്നതായിരുന്നു അവസാന കാലം വരെയും മാർ ജേക്കബ് തൂങ്കുഴിയുടെ വാക്കുകൾ. ജീവിതം സദാ പുഞ്ചിരിയോടെ ജീവിച്ചു തീർത്ത ഇടയശ്രേഷ്ഠൻ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി വിട പറഞ്ഞതോടെ നഷ്ടമായത് വിശ്രമ ജീവിതം പോലും കർമനിരതനായ വ്യക്തിയെയാണ്. പ്രായം 94 എത്തിയിട്ടും കാണാൻ വരുന്നവരെ സ്‌നേഹത്തോടെ സ്വീകരിക്കും. ആശുപത്രിയിലാകുന്നതുവരെ താമസിച്ചിരുന്ന കാച്ചേരിയിലെ മഡോണ മൈനർ സെമിനാരിയിൽ കാണാൻ നിരവധി ആളുകളെത്തിയിരുന്നു.
ശുശ്രൂഷയിൽ 52 വർഷം
മെത്രാൻ എന്ന നിലയിൽ 52 വർഷത്തെ ശുശ്രൂഷ. തൃശൂർ ആർച്ചുബിഷപ്പായി പത്തു വർഷവും മാനന്തവാടി, താമരശേരി രൂപതകളിൽ മെത്രാനായി 24 വർഷവും സേവനമനുഷ്ഠിച്ചു. ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 1947 ൽ വൈദിക പരിശീലനം തുടങ്ങി. റോമിലായിരുന്നു ദൈവശാസ്ത്ര പഠനം. ഇതിനിടെ മലബാറിലെ തിരുവമ്പാടിയിലേക്കു കുടിയേറി. തലശേരി രൂപതയ്ക്കുവേണ്ടി 1956 ഡിസംബർ 22 നു റോമിലാണ് പൗരോഹിത്യം സ്വീകരിച്ചത്. അവിടെത്തന്നെ സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് ബിരുദവും നേടി. തലശേരി രൂപതയുടെ പ്രഥമ പിതാവായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു. തലശേരി രൂപതയുടെ വയനാട്, കർണാടക ഭാഗങ്ങൾ ഉൾപെടുത്തി മാനന്തവാടി രൂപത 1973 ൽ സ്ഥാപിതമായപ്പോൾ മേയ് ഒന്നിനു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാനായി അഭിഷേകം ചെയ്തു. 1995 ൽ താമരശേരി രൂപതയുടെ മെത്രാനായി. 1996 ഡിസംബർ 18 നാണ് തൃശൂർ ആർച്ച്ബിഷപ്പായി നിയമിതനായത്. 1997 ഫെബ്രുവരി 15 ന് തൃശൂരിലെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ജ്യോതി എൻജിനിയറിംഗ് കോളേജ്, മുള്ളൂർക്കരയിലെ മഹാ ജൂബിലി ബി.എഡ് കോളേജ്, മുളയത്തെ മേരിമാതാ മേജർ സെമിനാരി, പെരിങ്ങണ്ടൂരിൽ എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന മാർ കുണ്ടുകുളം മെമ്മോറിയൽ റിസേർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ (ഗ്രേയ്‌സ് ഹോം), കുരിയച്ചിറയിൽ സെന്റ് ജോസഫ്‌സ് ടി.ടി.ഐ എന്നിവ സ്ഥാപിക്കാൻ നേതൃത്വം നൽകി.
യാത്രയോട് ഇഷ്ടം
മൂന്നു വർഷം മുമ്പ്് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശത്തും വൈദികർക്കും അത്മായർക്കുമെല്ലാം ധ്യാനം നയിക്കാൻ മുന്നിട്ടിറങ്ങി. വയനാട്ടിലെ മലനിരകളിലൂടെ മോട്ടോർ സൈക്കിളും കാറും ഓടിച്ചു കയറിയിറങ്ങി രാപകലില്ലാതെ ശുശ്രൂഷ ചെയ്ത 'സഞ്ചാരിയായ പിതാവി'ന് യാത്രയോടു മടുപ്പുണ്ടായിരുന്നില്ല.
അനുശേോചനം
സമൂഹത്തിനും സഭയ്ക്കും വിശ്വാസികൾക്കും വേണ്ടി അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ആത്മീയ നേതാവാണ് മാർ ജേക്കബ് തൂങ്കുഴി . തൃശൂർ അതിരൂപതയിൽ ഒരു പതിറ്റാണ്ട് മെത്രപ്പോലീത്തയായി പ്രവർത്തിച്ച അദ്ദേഹം സഭയുടെ വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വഴികാട്ടിയായിരുന്നു
( സണ്ണി ജോസഫ്, കെ.പി.സി.സി പ്രസിഡന്റ്)
അനുശോചനം
ദീപ്തവും സൗമ്യവുമായ വ്യക്തിത്വമായിരുന്നു മാർ ജേക്കബ് തൂങ്കുഴിയുടേത്. ആർക്കും ഏത് സമയത്തും സമീപിക്കാവുന്ന സഭാ നേതാവായിരുന്നു അദ്ദേഹം.
കെ.വി.അബ്ദുൾ ഖാദർ
ജില്ലാ സെക്രട്ടറി
സി.പി.എം
ക്രൈസ്തവസഭയിലും സമൂഹത്തിലും മാർ ജേക്കബ് തൂങ്കുഴിയുടെ പ്രവർത്തനശൈലി എക്കാലവും മാർഗ്ഗദീപമായിരിക്കും. ആത്മീയ ചിന്തയെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാർ തൂങ്കുഴി പാകപ്പെടുത്തി.
രമേശ് ചെന്നിത്തല
കെ.പി.സി.സി മുൻ പ്രസിഡന്റ്
സാമൂഹിക മാറ്റങ്ങൾക്ക് സാഹോദര്യത്തിനും മതേതരത്വത്തിനുമുള്ള പങ്ക് തിരിച്ചറിഞ്ഞ് വിശ്വാസികളെ ഉദ്ബോധിപ്പിച്ച വലിയ മാർഗദർശിയാണ് തൂങ്കുഴി. കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടിയും സഹകരിച്ച് പ്രവർത്തിപ്പിക്കണമെന്ന ആഹ്വാനം പുതിയ കാലഘട്ടത്തിലും പ്രസക്തമാണ്.
കെ.രാജൻ
മന്ത്രി
എല്ലാവരോടും സൗമ്യമായ പെരുമാറ്റത്തിന് ഉടമയായിരുന്നു മാർ ജേക്കബ്ബ് തൂങ്കുഴി. സാധാരണക്കാർക്കൊപ്പം നിലകൊണ്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
എ.നാഗേഷ്
ബി.ജെ.പി മേഖല പ്രസിഡന്റ്
ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹ്യനീതിക്കും മനുഷ്യപുരോഗതിക്കുമായി നിലകൊണ്ട ശ്രേഷ്ഠജീവിതം നയിച്ച മനുഷ്യസ്നേഹിയായിരുന്നു.
കെ.ജി.ശിവാനന്ദൻ
ജില്ലാ സെക്രട്ടറി
സി.പി.ഐ
തൃശൂരിലെത്തിയ കാലം മുതൽ നാടിന്റെ ആത്മീയപ്രകാശമായി എല്ലാവരുടെയും മനം കവർന്ന വ്യക്തിത്വമായിരുന്നു. ദൈവികത തുളുമ്പുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹത്തിന് പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള കരുത്തായിരുന്നു.
അഡ്വ.ജോസഫ് ടാജറ്റ്
ഡി.സി.സി പ്രസിഡന്റ്.
മാർ ജേക്കബ്ബ് തൂങ്കുഴി തിരുമേനിയുടെ ഹൃദ്യമായ പെരുമാറ്റം ആരെയും ആകർഷിക്കുന്നതാണ്. തന്റെ അടുത്തുവരുന്നവരെ വളരെയധികം സ്നേഹത്തോടെയും പരിഗണനയോടെയുമാണ് സ്വീകരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം അതീവ ദു:ഖകരമാണ്.
സുരേഷ് ഗോപി
കേന്ദ്രമന്ത്രി
സൗമ്യഭാഷണത്തിലൂടെയും ആത്മീയതേജസിലൂടെയും വിശ്വാസികളുടെ മനം കവർന്ന മാർ ജേക്കബ് തൂങ്കുഴി വ്യക്തിപരമായും പ്രിയപ്പെട്ടവനായിരുന്നു. സഭാവിശ്വാസികളുടെയും പിതാവിന്റെ പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ഡോ.ആർ.ബിന്ദു
മന്ത്രി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |