ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേ ദിവസം തന്നെ നടത്തുമെന്ന് റിട്ടേണിംഗ് ഓഫീസർ റിട്ട. ജില്ലാ ജഡ്ജി എസ്. സോമൻ അറിയിച്ചു. ക്ഷേത്രത്തിന്റെ പരിധിയിലുള്ള 52 കരകളിലെയും തിരഞ്ഞെടുപ്പാണ് ഒന്നിച്ച് നടത്താൻ തീരുമാനിച്ചത്. വോട്ട് രേഖപ്പെടുത്തുന്നതിന് വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഇലക്ഷൻ ഐ.ഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. വോട്ടറുടെ ഫോട്ടോയും പേരും തിരിച്ചറിയാൻ പര്യാപ്തമാണെങ്കിൽ, വോട്ടർ പട്ടികയിലെ വിലാസവും തിരിച്ചറിയൽ രേഖയിലെ വിലാസവും തമ്മിൽ വ്യത്യാസമുണ്ടെങ്കിലും വോട്ട് നിഷേധിക്കില്ലെന്ന് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി.പോളിംഗ് പൂർത്തിയായാൽ ഉടൻ തന്നെ വോട്ടെണ്ണൽ ആരംഭിക്കും. പോളിംഗ് ബൂത്തിൽ റീ-കൗണ്ടിംഗ് ഒരു കാരണവശാലും അനുവദിക്കില്ല. പൊതുഭരണ സമിതി അംഗങ്ങളിൽ നിന്ന് 61 പേരുള്ള പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുമെന്നും എസ്. സോമൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |