മലപ്പുറം: ജില്ലയിൽ ഈ വർഷം ആഗസ്ത് വരെ കാണാതായത് 395 പേരെയെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. 2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ കാണാതാവുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും വലിയ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022ൽ ജില്ലയിൽ 534 പേരെയാണ് കാണാതായത്. 2023, 2024 വർഷങ്ങളിൽ കാണാതായവരുടെ എണ്ണം യഥാക്രമം 536, 784 എന്നിങ്ങനെയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള യാത്രയ്ക്കിടയിലും സ്വന്തം വീടുകളിൽ നിന്നുപോലും പലരും കാണാതായവരുണ്ട്. പെൺകുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നതിൽ കൂടുതലും. ഇവരിൽ പലരെയും കണ്ടെത്തിയെങ്കിലും കണ്ടെത്താൻ സാധിക്കാത്തവരും നിരവധിയാണ്. നിസാര കാര്യങ്ങൾക്ക് വരെ രക്ഷിതാക്കളോട് വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങി പോകുന്നവരും പ്രണയ ബന്ധത്തിലേർപ്പെട്ട് ഒളിച്ചോടി പോകുന്നവരുമാണ് കൂടുതൽ.
പൊലീസിൽ രജിസ്റ്റർ ചെയ്യാത്ത കണക്കുകൾ കൂടി നോക്കിയാൽ കാണാതായ കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിക്കും. ചിലർ കാണാതായി ദിവസങ്ങൾക്ക് ശേഷം സ്വന്തം നിലയിലുള്ള അന്വേഷണങ്ങളെല്ലാം പൂർത്തിയായി ഫലമില്ലെന്ന് കാണുമ്പോഴാണ് പോലീസിനെ അറിയിക്കുന്നത്.
സംസ്ഥാനത്ത് ഈ വർഷം കാണാതായവരുടെ എണ്ണം 6,667 ആണ്. സോഷ്യൽ മീഡിയ വഴി പരിചയത്തിലാകുന്നവർ ആരോടും പറയാതെ മുൻ പരിചയം ഒന്നുമില്ലാതെ തന്നെ ദിവസങ്ങളും ആഴ്ചകളും മാത്രമുള്ള ബന്ധത്തിൽ ഇറങ്ങി പോകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കുടുംബ സാഹചര്യവും കാണാതാവുന്നതിൽ വളരെയേറെ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ അവഗണിക്കുകയോ അകാരണമായി ശിക്ഷിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷത്തിൽ നിന്നും ഓടിയൊളിക്കാൻ കുട്ടികൾ നിർബന്ധിതരാവാറുണ്ട്.
കാണാതായവരുടെ എണ്ണം
2022 - 534
2023- 536
2024- 784
2025- 395
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |