ആലപ്പുഴ : സംസ്ഥാനസർക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും സ്വരൂപിക്കുന്നതിനും സംഘടിപ്പിക്കുന്ന വികസന സദസുകൾക്ക് ജില്ലയിൽ 22 ന് തുടക്കമാകും. ഒക്ടോബർ 20നകം 78 തദ്ദേശസ്ഥാപനങ്ങളിൽ വികസന സദസുകൾ നടത്തും. ഇതുമായി ബന്ധപ്പെട്ട ജില്ലയിലെ ക്രമീകരണങ്ങൾ ആലോചിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. 22ന് മുഖ്യമന്ത്രി വികസന സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. എം.എൽ.എമാർ, തദ്ദേശസ്ഥാപന ഭാരവാഹികൾ, ജനപ്രതിനിധികൾ എന്നിവർക്ക് പുറമേ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, സമൂഹത്തിലെ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർ എന്നിവരെയും പങ്കെടുപ്പിക്കും. അതത് തദ്ദേശസ്ഥാപനത്തിന്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുന്ന പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. ഫോട്ടോ പ്രദർശനം, മിനി എക്സിബിഷൻ, കെ-സ്മാർട്ട് ക്ലിനിക്ക് എന്നിവയും സംഘടിപ്പിക്കും. യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിൻസ് സി.തോമസ്, തദ്ദേശസ്വയംഭരണ വകുപ്പ് അസി.ഡയറക്ടർ സി.ഷിബു, പി.ആർ.ഡി അസി. എഡിറ്റർ ടി.എ.യാസിർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |