തിരുവനന്തപുരം: അച്ചടക്കനടപടിയുടെ ഭാഗമായി ആഭ്യന്തരവകുപ്പ് 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . മുഖ്യമന്ത്രി സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ സ്പീക്കർക്ക് പ്രിവിലേജ് നോട്ടീസ് നൽകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പിണറായി 2016 ൽ അധികാരമേറ്റ ശേഷം ഇതുവരെ 50 ൽ താഴെ പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് പിരിച്ചു വിട്ടതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുണ്ട്. പിരിച്ചുവിട്ട 144 പൊലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നിയമസഭയിൽ വയ്ക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഇല്ലാത്ത പക്ഷം മുഖ്യമന്ത്രി മാപ്പുപറയണം.
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന 2011-2016 കാലഘട്ടത്തിൽ 61 പൊലീസ് ഉദ്യോഗസ്ഥരെയാണ് അച്ചടക്കനടപടിയുടെ ഭാഗമായി പിരിച്ചു വിട്ടത്. പിണറായിയുടെ ഒമ്പതര വർഷത്തെ ഭരണകാലയളവിൽ കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളവരടക്കം 144 പേരെ പിരിച്ചു വിടണമെന്ന് ശുപാർശയുണ്ടായിരുന്നു.എന്നാൽ, നടപടി നേരിട്ട മിക്കവരും സർവീസിൽ നിന്നു ദീർഘകാലം വിട്ടുനിന്നവരാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ക്രമസമാധാനപാലന ചുമതല ഏൽപിക്കുന്നു. വി .എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിരവധി കേസുകളിൽ ആരോപണവിധേയനായി സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയിലുണ്ട്.
ഉദയകുമാർ ഉരുട്ടി കൊലകേസിലെ പ്രതികൾ രക്ഷപ്പെടാൻ കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ അനാസ്ഥയാണെന്നാണ് പ്രചരിപ്പിക്കുന്നത് . ഈ കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് സി.ബി.ഐ ആണെന്ന കാര്യം മുഖ്യമന്ത്രി ബോധപൂർവ്വം മറച്ചുവച്ചു. മുത്തങ്ങയിൽ വിനോദ് എന്ന പൊലീസുകാരനെ അടിച്ചു കൊലപ്പെടുത്തിയതിനെ തുടർന്നാണ് വെടിവെയ്പ്പ് ഉണ്ടായത് എന്നതും വിട്ടുകളഞ്ഞു. ആദർശധീരനായ എ.കെ.ആന്റണിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു.
നാലു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് പിണറായി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. താൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് കേരളപൊലീസ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയ മാവോയിസ്റ്റുകൾ ഇന്നും തൃശൂരിലെ അതീവസുരക്ഷാജയിലിൽ ഉണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |