അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് തോല്‍വി വഴങ്ങി അഫ്ഗാനിസ്ഥാന്‍ പുറത്ത്. അഫ്ഗാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ശ്രീലങ്കയും രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശും സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അഫ്ഗാന്റെ സ്‌കോര്‍ മറികടക്കുകയായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ കുസാല്‍ മെന്‍ഡിസ് 74*(52) ആണ് ലങ്കന്‍ ജയം എളുപ്പമാക്കിയത്.
കാമിന്ദു മെന്‍ഡിസ് 26*(13), ചാരിത് അസലങ്ക 17(12), കുസാല്‍ പെരേര 28(20), കാമില്‍ മിഷാര 4(10), പാത്തും നിസങ്ക 6(5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് ഉര്‍ റഹ്‌മാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ ഫോറിലേക്ക് മുന്നേറിയിട്ടുണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് ആണ് അടിച്ചെടുത്തത്. 22 പന്തുകളില്‍ നിന്ന് 60 റണ്‍സ് നേടിയ വെറ്ററന്‍ താരം മുഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് അഫ്ഗാനെ കരകയറ്റിയത്. ദുനിത് വെല്ലാലഗെ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് സിക്‌സറുകള്‍ സഹിതം 32 റണ്‍സാണ് താരം നേടിയത്. ആറ് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു മുന്‍ നായകന്റെ ഇന്നിംഗ്‌സ്.
ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 24(23), ഇബ്രാഹിം സദ്രാന്‍ 24(27), സെദിഖുള്ള അത്തല്‍ 18(14), റഹ്‌മാനുള്ള ഗുര്‍ബാസ് 14(8), കരീം ജന്നത്ത് 1(3), ദാര്‍വിഷ് റസൂലി 9(16), നൂര്‍ അഹമ്മദ് 6*(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ശ്രീലങ്കയ്ക്കായി നുവന്‍ തുഷാര നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദുഷ്മന്ത ചമീര, ദുനിത് വെല്ലാലഗെ, ദസൂണ്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |