പത്തനംതിട്ട : ആഗോള സർവമത സമ്മേളനം വിളിച്ചുചേർത്ത ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ മാർഗദീപമാക്കിയ പത്രാധിപരാണ് കെ.സുകുമാരനെന്ന് മന്ത്രി വി.എൻ.വാസവൻ അഭിപ്രായപ്പെട്ടു. പത്രാധിപർ കെ.സുകുമാരന്റെ 44-ാമത് അനുസ്മരണ സമ്മേളനം പത്തനംതിട്ട കേരളകൗമുദി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ന് ആഗോള സർവമത സമ്മേളനമായിരുന്നെങ്കിൽ ഇന്ന് ആഗോള അയ്യപ്പ സംഗമമാണ് സംഘടിപ്പിക്കുന്നത്.
പല മതസാരവും ഏകമെന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമുള്ളതാണ് സംഗമം എന്നും അദ്ദേഹം പറഞ്ഞു. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവാക്യം അപ്പാടെ പിന്തുടർന്ന വ്യക്തിത്വമാണ് പത്രാധിപർ. ഇതിന് വർത്തമാനകാലത്തിൽ വലിയ പ്രസക്തിയുണ്ട്. സാമൂഹ്യ വിപ്ലവത്തിന് തിരികൊളുത്തി
അനീതിയ്ക്കെതിരെ പോരാടിയ ജാതീയമായ ഉച്ചനീചത്വങ്ങളെ എതിർത്ത പത്രാധിപരായിരുന്നു കെ.സുകുമാരൻ. അടിമബോധത്തിൽ കിടന്ന ജനതയെ അവകാശബോധത്തിലേക്ക് ആനയിക്കാൻ പത്രാധിപർക്ക് കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനികതയെ മുറുകെ പിടിച്ച വ്യക്തിത്വം. വിവിധ നവോത്ഥാന നായകർ ഉഴുതുമറിച്ച നാട്ടിൽ തൂലിക പടവാളാക്കി പോരാടിയ പ്രഗല്ഭനായ പത്രപ്രവർത്തകനായിരുന്നു കെ.സുകുമാരൻ. അദ്ദേഹത്തിന്റെ അക്ഷരങ്ങൾക്കെല്ലാം അസ്ത്രങ്ങളുടെ മൂർച്ചയായിരുന്നു. സമകാലിക സാമൂഹ്യജീവിതങ്ങളെ ഹൃദയ സ്പർശിയായി അവതരിപ്പിച്ചിരുന്നു പത്രാധിപർ. പ്രതിപക്ഷ ബഹുമാനത്തോടെ തന്നെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞ നിർഭയനും ധീരനുമായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. ഭീഷണിയുടേയും വെല്ലുവിളിയുടേയും മുമ്പിൽ തളരാതെ തകരാതെ മുന്നോട്ട് പോയ സവിശേഷമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സാമൂഹ്യമാറ്റത്തിനും നീതിക്ക് വേണ്ടിയും ജനാധിപത്യത്തിന്റെ നാലാം നെടുംതൂണായി ഏറ്റവും അർത്ഥവത്തായി ആണ് കെ.സുകുമാരന്റെ നേതൃത്വത്തിലുള്ള കേരളകൗമുദി പത്രം പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ, കേരളകൗമുദി റീഡേഴ്സ് ക്ളബ് ജില്ലാ വൈസ് പ്രസിഡന്റ് മാത്തൂർ സുരേഷ്, എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ മൈക്രോഫിനാൻസ് കോർഡിനേറ്റർ സലീലനാഥ്, മദ്യവർജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ബേബിക്കുട്ടി ഡാനിയൽ, സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി.ചാക്കോ, സ്‌പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽകുമാർ, ചന്ദനപ്പള്ളി സ്‌നേഹസ്പർശം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോസ് പള്ളിവാതുക്കൻ, പ്രവാസി സംസ്‌കൃതി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ പ്രക്കാനം, എൻ.ജ.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ്, കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ജേക്കബ്, കോന്നി ഗ്രാമീണ കാർഷിക വികസനബാങ്ക് ചെയർമാൻ എസ്.വി.പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ സ്വാഗതവും ബ്യൂറോചീഫ് എം.ബിജുമോഹൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |