കൊല്ലം: ജലദോഷപ്പനി പോലെ വന്നുപോയിരുന്ന ഇൻഫ്ലുവൻസ വൈറസ് ജില്ലയിൽ പിടിമുറുക്കുന്നു. ഒന്നരമാസത്തിനിടെ 57 പേർക്കാണ് പനി (ഇൻഫ്ലുവൻസ) സ്ഥിരീകരിച്ചത്. സാധാരണയായി മരണനിരക്ക് കുറവാണെങ്കിലും ഇക്കാലയളവിൽ മൂന്ന് മരണവും ഉണ്ടായി.
ഇടമുളയ്ക്കൽ സ്വദേശിയായ 72 കാരനും നെടുമ്പന സ്വദേശിനിയായ 51 കാരിക്കും കിഴക്കേകല്ലട സ്വദേശയായ 60 കാരനുമാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. സീസണൽ രോഗമാണിത്. തൊണ്ട, മൂക്ക്, ശ്വാസകോശം എന്നിവയെയാണ് വൈറസ് ബാധിക്കുന്നത്. ഇത് ചെവിയിൽ അണുബാധ അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിക്കാം.
ആസ്ത്മ, പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗമുള്ളവരിൽ സ്ഥിതി വഷളാക്കും. പ്രായമായവർ, ഗർഭിണികൾ, കൊച്ചു കുട്ടികൾ, പ്രഷർ, ഹൃദ്രോഗങ്ങളുള്ളവരിലും അപകടസാദ്ധ്യതയുണ്ട്. എ, ബി, സി, ഡി വിഭാഗങ്ങളിൽ ഇൻഫ്ലുവൻസ വൈറസുണ്ട്. ഇതിൽ എ, ബി വിഭാഗങ്ങളിൽപ്പെട്ടവയാണ് കേരളത്തിൽ കണ്ടുവരുന്നത്. എച്ച്1എൻ1, എച്ച്3 എൻ2 എന്നിവയാണ് എ വിഭാഗത്തിൽപ്പെട്ടവ. രക്തപരിശോധനയിലൂടെയാണ് ഏത് വിഭാഗത്തിൽപ്പെട്ട വൈറസാണ് ബാധിച്ചതെന്ന് കണ്ടെത്തുന്നത്.
ഒരാഴ്ചയോളം നീണ്ടുനിൽക്കും
പേശിവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, തലവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇൻഫ്ലുവൻസ ലക്ഷണങ്ങൾ. ചില ആളുകൾക്ക് ഛർദ്ദിയും വയറിളക്കവുമുണ്ടാകും. ഒരാഴ്ചയോളം നീണ്ടുനിൽക്കും. മുതിർന്നവരേക്കാൾ കുട്ടികളിൽ ഇത് സാധാരണമാണ്. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പരിശോധന നടത്തിയാൽ വളരെ വേഗം നിയന്ത്രിക്കാൻ കഴിയും.
പകരുന്നത്
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പടരും. വൈറസ് ബാധയേറ്റ പ്രതലവുമായി സമ്പർക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പർശിച്ചാലും പകരും.
പ്രതിരോധം
മാസ്‌ക് ഉപയോഗിക്കുക
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക
കൈകൾ ഇടയ്ക്കിടെ കഴുകുക
അണുബാധ ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക
അവർ ഉപയോഗിക്കുന്ന സാധനങ്ങൾ എടുക്കാതിരിക്കുക
ധാരാളം വെള്ളം കുടിക്കുക
വ്യക്തിശുചിത്വം പാലിക്കുക
പ്രായമായവർ, കുട്ടികൾ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ന്യൂമോണിയ ഉൾപ്പടെയുള്ള സങ്കീർണതയുണ്ടാക്കും.
ആരോഗ്യവിദഗ്ദ്ധർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |