വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കാരേറ്റ് മേഖലകളിലെ ക്ഷേത്രങ്ങളിൽ മോഷണം. വേറ്റൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും കാരേറ്റ് ദേവസ്വം ബോർഡ് ശിവക്ഷേത്രത്തിലുമാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാത്രി 12നും കാരേറ്റ് ശിവക്ഷേത്രത്തിൽ രാത്രി 2നുമാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ക്ഷേത്രങ്ങളിലെ സി.സി.ടി.വി ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നശേഷം പൂട്ട് ക്ഷേത്രത്തിലെ കിണറ്റിലെറിയുകയും ഓഫീസ് റൂമിലെ മേശയുടെ പൂട്ട് തകർത്ത് 3500 രൂപ കവരുകയുമായിരുന്നു. മോഷ്ടാക്കൾ പൂട്ട് തകർക്കാനായി ഉപയോഗിച്ച കോടാലി ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 2 മോഷ്ടാക്കളാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. വിരലടയാളം പതിയാതിരിക്കാൻ തോർത്ത് കൈയിൽ ചുറ്റിയാണ് പൂട്ടുകൾ തകർത്തത്. രാവിലെ 6 മണിയോടെ ഓഫീസ് സെക്രട്ടറി ക്ഷേത്രത്തിലെ മുൻവാതിൽ തുറന്നപ്പോൾ ശ്രീകോവിലും ഓഫീസും തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും വിവരം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിനെ അറിയിക്കുകയും വെഞ്ഞാറമൂട് പൊലീസിൽ വിവരം നൽകുകയുമായിരുന്നു.കാരേറ്റ് ശിവക്ഷേത്രത്തിലും ശ്രീകോവിലിന്റെ പൂട്ട് തകർത്ത് കാണിക്ക വഞ്ചിയിലെ 3000 രൂപ കവർന്നു. രാവിലെ ക്ഷേത്രം തുറക്കാനായി പൂജാരി എത്തിയപ്പോൾ വാതിൽ ഭാഗികമായി തുറന്ന നിലയിൽ കണ്ടെത്തി. തുടർന്ന് ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചു. കിളിമാനൂർ പൊലീസിൽ വിവരം നൽകിയതിനെത്തുടർന്ന് പൊലീസെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |