തൃശൂർ: ദേശീയപാത 544ലെ കുരുക്കഴിച്ച് തിങ്കളാഴ്ച മുതൽ ടോൾ പിരിവിന് ഉപാധികളോടെ അനുമതി നൽകുമ്പോൾ കൈയടി കളക്ടർക്ക്. കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ സ്വീകരിച്ച കർശനനടപടികളാണ് മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ കുരുക്കിനും യാത്രാദുരിതത്തിനും അറുതി വരുത്തിയത്. ടോൾ പിരിവ് നിറുത്തിവച്ചതോടെയാണ് എൻ.എച്ച്.എയും കരാർ കമ്പനിയും ഉണർന്നത്.
ഹൈക്കോടതി ടോൾ നിറുത്തി വയ്ക്കാൻ കാരണമായതും കളക്ടറുടെ റിപ്പോർട്ട് തന്നെ. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ്, ഒ.ജെ.ജെനീഷ് എന്നിവരുടെ ഇടപെടലും നിർണായകമായി.
നിർണായകം റിപ്പോർട്ട്
ജൂൺ 12ന് കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച ആദ്യ റിപ്പോർട്ടിലാണ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയത്. നിർമ്മാണ കാലതാമസം, സുരക്ഷാഅഭാവം, സർവീസ് റോഡുകളുടെ ശോച്യാവസ്ഥ എല്ലാം വിശദമായി പരാമർശിച്ചിരുന്നു. ഇതോടെയാണ് ആഗസ്റ്റ് ആറിന് ടോൾപിരിവ് നിറുത്തിവയ്പ്പിച്ചത്. ഇക്കാര്യം ചോദ്യം ചെയ്ത് എൻ.എച്ച്.എയും കരാർ കമ്പനിയും സുപ്രീംകോടതിയിൽ പോയെങ്കിലും ഹൈക്കോടതി ഉത്തരവ് ശരിവച്ചു. പിന്നീട് ആഗസ്റ്റ് 25നും സെപ്തംബർ ഒമ്പതിനും കളക്ടർ റിപ്പോർട്ട് കൈമാറി. ഇതിനിടെ കളക്ടർ നിർദ്ദേശിച്ച 18ൽ 13 പ്രവൃത്തികളും ചെയ്തുതീർത്താണ് തിങ്കളാഴ്ച മുതൽ വീണ്ടും ടോൾ പിരിക്കുന്നത്.
അടിപ്പാത നിർമാണത്തിലെ വേഗക്കുറവും സർവീസ് റോഡുകളുടെ തുടർ അറ്റകുറ്റപ്പണികളും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൂർണ പരിഹാരമാകും വരെ നിരീക്ഷണം തുടരും.
അർജുൻ പാണ്ഡ്യൻ
കളക്ടർ
ടോളിലെ നാൾവഴി
ആഗസ്റ്റ് 6: ടോൾ പിരിവ് നിറുത്താൻ ഹൈക്കോടതി ഉത്തരവ്
സെപ്തം. 16: റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് സെപ്തം. 18 വരെ ഇടക്കാല ടോൾ സസ്‌പെൻഷൻ.
സെപ്തം. 18: എൻ.എച്ച്, സർവീസ് റോഡ് അവസ്ഥ പരിഹരിക്കാൻ വീണ്ടും സസ്‌പെൻഷൻ.
സെപ്തം. 19: ടോൾ സസ്‌പെൻഷൻ 22 മുതൽ പിൻവലിക്കുമെന്ന് പ്രഖ്യാപനം
സെപ്തം. 22: ഉപാധികളോടെ ടോൾ പിരിക്കാൻ അനുമതി
തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്ക്
വാഹനം: പുതിയ നിരക്ക് (പഴയത്)
ഇരുവശത്തേക്ക് പുതിയത് (പഴയത്)
കാർ: 95 (90) - 140 (140)
ചെറുകിട വാണിജ്യ വാഹനങ്ങൾ: 165 (160) - 245 (240)
ബസ്, ട്രക്ക്: 330 (320) - 495 (485)
മൾട്ടി ആക്‌സിൽ വാഹനങ്ങൾ: 530 (515) - 795 (775).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |