കൊച്ചി: ഡൊണാൾഡ് ട്രംപ് എച്ച്.1ബി വിസകളുടെ ഫീസ് ഉയർത്തിയ ആശങ്കയിൽ കേരളത്തിൽ പവൻ വില വീണ്ടും റെക്കാഡ് ഉയരത്തിലെത്തി.
രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ട്രോയ് ഔൺസിന്(31.10ഗ്രാം) 43 ഡോളർ വർദ്ധിച്ച് 3,685 ഡോളറിലെത്തി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 88.12ലാണ്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 600 രൂപ ഉയർന്ന് 82,240 രൂപയായി, ഗ്രാമിന്റെ വില 75 രൂപ ഉയർന്ന് 10,280 രൂപയിലെത്തി. 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണാഭരണങ്ങളുടെയും വിലയും കുതിച്ചുയർന്നു. ഇപ്പോഴത്തെ വിലയിൽ കേരളത്തിൽ ആഭരണമായി സ്വർണം വാങ്ങുമ്പോൾ ചരക്ക് സേവന നികുതിയും സെസും പണിക്കൂലിയുമടക്കം പവന് 90,000 രൂപയിലധികമാകും.
സുരക്ഷിതത്വം തേടി സ്വർണത്തിലേക്ക് പണമൊഴുക്ക്
തീരുവ യുദ്ധത്തിന് ശേഷം കുടിയേറ്റ വിരുദ്ധ നീക്കങ്ങളിലേക്ക് ഡൊണാൾഡ് ട്രംപ് കടന്നതോടെ ആഗോള സാമ്പത്തിക മേഖലയിൽ അനിശ്ചിതത്വം കടുക്കുകയാണ്. അമേരിക്കൻ ഡോളറിലും ബോണ്ടുകളിലും നിക്ഷേപകർക്ക് വിശ്വാസം നഷ്‌ടപ്പെട്ടതോടെ സ്വർണത്തിലേക്ക് പണമൊഴുക്ക് കൂടി. ആഗോള ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം മത്സരിച്ച് വാങ്ങുകയാണ്.
വിലക്കുതിപ്പ് തുടരും
നടപ്പുവർഷം ഫെഡറൽ റിസർവ് രണ്ട് തവണ കൂടി പലിശ കുറയ്ക്കാൻ സാദ്ധ്യതയുള്ളതിനാൽ സ്വർണ വില വരും ദിവസങ്ങളിലും കുതിപ്പ് തുടർന്നേക്കും. അതേസമയം നാളെ ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ വിലക്കുതിപ്പ് രാജ്യത്തെ സ്വർണാഭരണ വിപണിക്ക് തിരിച്ചടിയായേക്കും. ദീപാവലിയോടെ പവൻ വില 85,000 രൂപയിലെത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |