എൻ.ഡി.ഡി.ബിയുമായി ധാരണാപത്രം ഒപ്പുവച്ചു
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ നിർമ്മാണ മേഖലയിലേയ്ക്കും ചുവടുവയ്ക്കുന്നു. പശു, ആട് മുതലായ വളർത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ഔഷധങ്ങളാണ് പ്രധാനമായും നിർമ്മിക്കുക. പാലുത്‌പാദനം വർദ്ധിപ്പിക്കാനും രോഗപ്രതിരോധശക്തി നിലനിറുത്താനും സഹായിക്കുന്ന ഔഷധങ്ങളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്. പ്രസവാനന്തര ആരോഗ്യസംരക്ഷണത്തിനായി ഈസ്പാർട്ട്, ഗർഭാശയസങ്കോചത്തിനും മറുപിള്ള പുറത്തുപോവാനുമായി എക്സ്പ്ലാസ, ദഹനശക്തി വർദ്ധിപ്പിയ്ക്കാൻ ഡൈജാക്ട്, പാലിന്റെ ഗുണനിലവാരം കൂട്ടാൻ ക്വാളിമിൽക്ക്, സബ് ക്ളിനിക്കൽ മാസ്റ്റെറ്റിസ് തടയാൻ ഹീൽമാസ്റ്റ് എന്നീ മരുന്നുകളാണ് അവതരിപ്പിക്കുന്നത്. അണുസംക്രമണം തടയാനും പാർശ്വഫലരഹിതവുമായ മൃഗാരോഗ്യപരിപാലനത്തിന് ഉപകരിക്കുന്ന മരുന്നുകളുടെ ഗവേഷണത്തിനുമായി സഹകരിക്കാൻ നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡുമായി (എൻ.ഡി.ഡി.ബി) ധാരണാപത്രം ഒപ്പുവച്ചു. ആധികാരികഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ച ഔഷധങ്ങൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നൂതന രീതിയിൽ ഉത്‌പാദിപ്പിക്കാനും ഗവേഷണത്തിനുമാണ് സഹകരണം. കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ആൻഡ് ചീഫ് ഫിസിഷ്യൻ ഡോ.പി.എം. വാരിയർ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ഹരികുമാർ , എൻ.ഡി.ബി.ബി ചെയർമാൻ ഡോ.മീണേഷ് സി. ഷാ, എക്സിക്യുട്ടീവ് ഡയറക്ടർ( ടെക്‌നിക്കൽ) എസ്. രാജീവ്, സീനിയർ ജനറൽ മാനേജർ ഡോ. ആർ.ഒ ഗുപ്ത , ജനറൽ മാനേജർ ഡോ. എ.വി. ഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |