കൊച്ചി: ട്രെയിനുകളിൽ റിസർവ് ചെയ്യാത്ത യാത്രക്കാർ ഗണ്യമായി വർദ്ധിച്ചതോടെ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനം. 5 വർഷത്തിനകം 9500 ജനറൽ കോച്ചുകളാണ് വർദ്ധിപ്പിക്കുക. 7500 സ്ലീപ്പർ കോച്ചുകളും പണിപ്പുരയിലാണ്. പുതുതായി അവതരിപ്പിച്ച അമൃത് ഭാരത്, നമോ ഭാരത് റാപ്പിഡ് ട്രെയിനുകൾ കൂടി ലക്ഷ്യമിട്ടാണിത്.
രാജ്യത്ത് 2024-25ൽ 651കോടി യാത്രക്കാരാണ് ജനറൽ കംപാർട്ട്മെന്റുകളിൽ സഞ്ചരിച്ചത്. എല്ലാ ട്രെയിനുകളിലുമായി 82,200 കോച്ചുകൾ ഉണ്ട്. ഇതിൽ ജനറൽ കോച്ചുകൾ 1250 മാത്രം. ദീർഘദൂര സർവീസുകളിൽ രണ്ടോ മൂന്നോ ജനറൽ കോച്ചുകളിൽ സാധാരണക്കാർ തിങ്ങിനിറഞ്ഞാണ് യാത്ര.
ഇതിനൊരു മാറ്റവുമായാണ് അമൃത് ഭാരത് അവതരിപ്പിച്ചിട്ടുളളത്. ഇതിൽ 11 ജനറൽ കോച്ചുകളുണ്ട്. നമോ ഭാരതിലും സമാന അനുപാതമാണ്. 100 അമൃത് ഭാരത് ട്രെയിനുകൾ കൂടി ഇറക്കാനും തീരുമാനമായി.
ശ്വാസംമുട്ടി യാത്ര
ജനറൽ കോച്ചുകളിലെ അമിതമായ തിരക്ക് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. കഴിഞ്ഞ ജൂണിൽ മുംബയിൽ രണ്ട് സബർബൻ ട്രെയിനുകൾ കടന്നുപോയപ്പോൾ ഡോറിൽ തൂങ്ങിനിന്ന് യാത്രചെയ്തിരുന്ന 4 പേർ ഇടയിൽപ്പെട്ട് മരിച്ചു. പലർക്കും പരിക്കുമേറ്റു. കേരളത്തിലും ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ വീർപ്പുമുട്ടലാണ്. കഴിഞ്ഞ ആഗസ്റ്റിൽ പാലരുവി എക്സ്‌പ്രസിൽ മൂന്ന് സ്ത്രീകളും സെപ്തംബറിൽ വേണാട് എക്‌സ്‌പ്രസിൽ രണ്ട് പേരും കുഴഞ്ഞുവീണു.
ജനറൽ യാത്രക്കാരുടെ
എണ്ണം (കോടി)
2022-23: 553
2023-24: 609
2024-25: 651
ഹൈവേകളിലെ കുരുക്കു കാരണം കൂടുതൽ യാത്രക്കാർ ട്രെയിനുകളെ ആശ്രയിക്കുകയാണ്. അന്ത്യോദയ ട്രെയിനുകൾ ദിനംപ്രതിയാക്കാനും നടപടിയുണ്ടാകണം
കെ.ജെ. പോൾ മാൻവെട്ടം,
റെയിൽവേ പാസഞ്ചേഴ്സ്
അസോ. പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |