പമ്പ : ശബരിമല മാസ്റ്റർ പ്ലാൻ പ്രവൃത്തികൾ ആരംഭിച്ച 2012 മുതൽ ഇതുവരെ 148.5 കോടിയോളം രൂപ സർക്കാർ വിവിധ വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ബേസ് ക്യാമ്പായ നിലയ്ക്കലിന്റെ ലേ ഔട്ട് പ്ലാനിന് 2020ൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. ശബരിമല മാസ്റ്റർപ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി സന്നിധാനത്തിന്റെയും പമ്പയിലെ ട്രെക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനുകൾക്ക് സർക്കാർ അംഗീകാരം നൽകി.
2016- 17 മുതൽ 2025 വരെ, ദേവസ്വം സ്ഥാപനങ്ങളുടെ ആധുനികവത്ക്കരണത്തിനും വികസനത്തിനുമായി ആകെ 650 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്.
ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിക്ക് 83.95 കോടി രൂപയും ശബരിമല സാനിറ്റേഷൻ സൊസൈറ്റിക്ക് 22 കോടി രൂപയും ഇടത്താവളം പദ്ധതികൾക്കായി 116 കോടി രൂപയും അനുവദിച്ചു. ശബരിമല ഉത്സവം നടത്തിപ്പിനുവേണ്ടി കഴിഞ്ഞ നാല് വർഷങ്ങളിലായി 10 കോടിയിലധികം രൂപയാണ് അനുവദിച്ചത്.
2019 - 20 സാമ്പത്തിക വർഷത്തിൽ, ഏകദേശം 100 കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്കായി പ്രത്യേകമായി വകയിരുത്തിയിരുന്നു. 2016 - 17 മുതൽ 2019 - 20 വരെ എല്ലാ ദേവസ്വം ബോർഡുകൾക്കുമായി 351 കോടി രൂപ വിതരണം ചെയ്തു. ഇക്കഴിഞ്ഞ നാലര വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി 232 കോടി രൂപയാണ് അനുവദിച്ചത്. ഇങ്ങനെ സർക്കാർ അങ്ങോട്ടു കൊടുക്കുന്നത് കാണാതെയാണ് സർക്കാർ പണം കൊണ്ടുപോവുകയാണ് എന്ന് ആക്ഷേപിക്കുന്നതെന്ന് പിണറായി പറഞ്ഞു.
2016- 17 മുതൽ 2025 വരെ ദേവസ്വം ബോർഡുകൾക്കും
അനുബന്ധ സ്ഥാപനങ്ങൾക്കും സർക്കാർ അനുവദിച്ച തുക
തിരുവിതാംകൂർ ദേവസ്വം ബോർഡിന് : 145 കോടി
കൊച്ചിൻ ദേവസ്വം ബോർഡിന് : 26 കോടി
മലബാർ ദേവസ്വം ബോർഡിന് : 305 കോടി
കൂടൽമാണിക്യം ദേവസ്വത്തിന് : 4 കോടി
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന് : 21 കോടി
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് : 3.5 കോടി
ഹിന്ദുധർമ്മ സ്ഥാപന ഭരണ വകുപ്പിന് : 28 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |