ആറ്റിങ്ങൽ: ട്രോളിംഗ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും മത്സ്യവിപണിയിൽ വലിയ മത്തി കിട്ടാനില്ല. അപൂർവമായി മാത്രമാണ് മത്സ്യത്തൊഴിലാളികൾക്ക് വലിയ മത്തി ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ആവശ്യക്കാർ വലിയ വിലയും നൽകണം. എന്നാൽ പിടിക്കാൻ നിരോധനമേർപ്പെടുത്തിയ കുഞ്ഞൻ മത്തി യഥേഷ്ടം ലഭിക്കുന്നുമുണ്ട്. ചെറിയ മത്തി കിലോയ്ക്ക് 25 രൂപ വരെയായി. ലഭ്യത കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയർന്നു. നിലവിൽ കിലോയ്ക്ക് 260 രൂപ വരെ എത്തി മത്തിയുടെ വിപണി വില. അതേ സമയം അയക്കൂറയും ആവോലിയും ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ മത്തിയേക്കാൾ വില കുറവാണ്. 10 സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞൻ മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. നിരോധനം മറികടന്ന് കുഞ്ഞൻമത്തി പിടികൂടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാലും ഇടനിലക്കാർ മുഖേന മത്തിക്കുഞ്ഞുങ്ങൾ വിപണിയിലെത്തുന്നുണ്ട്. മാർക്കറ്റിൽ ആവശ്യക്കാരേറെ ഉള്ളത് വലിയ മത്തിക്കാണ്. എന്നാൽ മത്തി കിട്ടാനില്ലാത്ത സ്ഥിതിയാണ്. കിലോയ്ക്ക് 200 മുതൽ 280 രൂപവരെയാണ് അയക്കൂറയുടെയും ആവോലിയുടെയും ചില്ലറ വില്പനവില.
ചെറിയ മത്തി - 25 രൂപ (കിലോ)
വലിയ മത്തി - 260 രൂപ (കിലോ - നിലവിൽ )
അയക്കൂറ, ആവോലി 200 - 280 രൂപ (ചില്ലറ വില്പനവില )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |