പമ്പ: അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ധ്യാത്മികതയിലേക്കും മുഖ്യമന്ത്രി പിണറായിവിജയൻ കടന്നു. അയ്യപ്പ സംഗമത്തെ രാഷ്ട്രീയ സംഗമം എന്നു വിശേഷിപ്പിച്ചർക്കുള്ള പരോക്ഷമായ മറുപടിയിലാണ് ഭഗവത്ഗീതയും ഉപനിഷത്തും മറ്റും കടന്നുവന്നത്. ഭക്തന്റെ ലക്ഷണങ്ങൾ ഭഗവത്ഗീതയുടെ 12ാം അദ്ധ്യായത്തിൽ 13 മുതൽ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളിൽ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആയിരിക്കും ഭക്തനെന്ന് ശ്ളോകം ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
അതിന് നിരക്കുന്ന തരത്തിലുള്ള ഭക്തിയുള്ളവരുടെ സംഗമമാണിത്. ഗീതയിലെ ഭക്തസങ്കല്പം ഉയർത്തിപ്പിടിക്കുന്നവരുടെ സംഗമം.
മതനിരപേക്ഷ മൂല്യങ്ങളുടെ വിശുദ്ധിയിൽ തിളങ്ങുന്നതാണ് ശബരിമല അയ്യപ്പക്ഷേത്രം. ഓരോ മതവും തങ്ങളുടേതായ വിശ്വാസപ്രമാണവും ആരാധനാലയങ്ങളും അനുബന്ധ രീതികളും പിന്തുടരുമ്പോൾ, എല്ലാ ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒരുമിച്ചൊന്നായി എത്തിച്ചേരുന്ന ഇടമാണ് ശബരിമല.
ഭക്തരെ സ്വീകരിക്കുന്നത്
ഉപനിഷത്ത് വചനം
ശരണം വിളിച്ചുകൊണ്ട് കാനന പാതകൾ താണ്ടി, പതിനെട്ടാം പടി കയറിയെത്തുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് 'തത്വമസി' എന്ന ഉപനിഷത് വചനമാണ്. ഛാന്ദോഗ്യോപനിഷത്തിലെ ഈ വചനത്തിന്റെ പൊരുൾ 'അതു നീ തന്നെ' എന്നതാണ്.ഞാനും നീയും ഒന്നാകുന്നു എന്നു പറയുമ്പോൾ അന്യരില്ല എന്നുകൂടിയാണ് അർത്ഥം. എല്ലാവരും ഒന്ന് എന്ന ബോധം തെളിയിക്കുകയാണ് ശബരിമലയുടെ സന്ദേശം.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും രമണ മഹർഷിയുമൊക്കെ തെളിയിച്ചുതന്ന തത്വമാണിത്. അയ്യപ്പന് നിത്യവും ഉറക്കുപാട്ടാകുന്ന 'ഹരിവരാസനം'കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്ററാണ്. ആലപിച്ചത് ജന്മംകൊണ്ട് ക്രൈസ്തവനായ യേശുദാസാണ്.
സന്നിധാനത്തിലേക്ക് അയ്യപ്പഭക്തർ തൊഴുതുനീങ്ങുന്നത് വാവർ നടയിലൂടെയാണ്. വാവർ ഇസ്ലാമാണ്. മദ്ധ്യകേരളത്തിൽ നിന്ന് പോകുന്ന അയ്യപ്പഭക്തർ ക്രൈസ്തവ ദേവാലയമായ അർത്തുങ്കൽ പള്ളിയിലും കാണിക്കയിടുന്നു. ഇങ്ങനെ സർവധർമ്മ സമഭാവനയുടെ പ്രതീകമായിനിൽക്കുകയാണ് ശബരിമലയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |