ശിവഗിരി: എല്ലാ വിലയിരുത്തലുകൾക്കും അതീതനായ ശ്രീനാരായണ ഗുരുദേവൻ നവോത്ഥാന നായകനല്ല, അവതാര പുരുഷൻ തന്നെയാണെന്ന് പത്തനംതിട്ട ശ്രീരാമകൃഷ്ണ മഠാധിപതി ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് പറഞ്ഞു..ഗുരുദേവന് അർഹമായ സ്ഥാനം കൊടുത്തിട്ടുണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി മഠത്തിൽ 98-ാമത് മഹാസമാധി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മഹാപരിനിർവ്വാണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമിജി മഹാരാജ്.
മാറി വന്ന രാഷ്ട്രീയ നേതൃത്വങ്ങളും സർക്കാരുകളും അവരവരുടെ ആദർങ്ങൾക്ക് അനുസൃതമായി ഗുരുവിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഗുരുദേവൻ അതിനൊക്കെ എത്രയോ അപ്പുറമായിരുന്നു. ഗുരുദേവനെ ശരിയാം വിധം പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ള ആരെങ്കിലും ഇപ്പോൾ കേരള സമൂഹത്തിലുണ്ടെന്ന് പറയാനാവില്ല. മുക്ത പുരുഷനും അവതാര പുരുഷനും തമ്മിൽ വ്യത്യാസമുണ്ട്. മുക്തിയടഞ്ഞു കഴിഞ്ഞാൽ മുക്ത പുരുഷൻ ശരീരം സൂക്ഷിക്കില്ല. എന്നാൽ അവതാര പുരുഷന് ശരീരം സൂക്ഷിക്കാനാവും . ബ്രഹ്മത്തിൽ ലയിക്കാൻ അവതാര പുരുഷൻ തയ്യാറല്ല. തന്നെപ്പോലെ കോടാനുകോടി ജിവിതങ്ങൾക്ക് മുക്തി നൽകാൻ അവതാര പുരുഷന് കഴിയും. തന്റെ തപസു കൊണ്ടും ധ്യാനം കൊണ്ടും ജീവൻ മുക്തനായ ശേഷമാണ് ഗുരുദേവൻ സമൂഹത്തിലേക്ക് വന്നത്.
ഗുരു കൈ വയ്ക്കാത്ത മേഖലകളില്ല. ശങ്കരാചാര്യർ അദ്വൈത വേദാന്തത്തിന് രൂപം നൽകിയിട്ട് പറഞ്ഞു, ബ്രാഹമണ്യം സത്യം ജഗദ് മിഥ്യ എന്ന് . എന്നാൽ ഗുരു ചുരുങ്ങിയ വാക്കുകൾ കൊണ്ട് ലളിതമായി ഈ ആശയം പറഞ്ഞു . ഉള്ളതൊന്നും ഉള്ളതല്ല, ഉള്ളതിന് നാശമില്ല, നാശമുള്ളത് ഉള്ളതല്ലെന്ന്. ഗുരുവെന്ന അവതാര പുരുഷന്റെ ജീവിതം എന്താണെന്ന് ശിവഗിരിയിലെ മണൽത്തരികളിൽ കാതു ചേർത്തു വച്ചാൽ കേൾക്കാനാവുമെന്നും ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണവും,മുൻ മന്ത്രി വി.എം.സുധീരൻ മുഖ്യപ്രഭാഷണവും നടത്തി. സ്വാമി പരമാത്മാനന്ദ ഗിരി (മലയാള സ്വാമി ശിഷ്യൻ, ആന്ധ്രപ്രദേശ്) മഹാസമാധി സന്ദേശം നൽകി. സ്വാമി ശാരദാനന്ദ, അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ , മുൻ എം.എൽ.എ വർക്കല കഹാർ എന്നിവർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ,സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.
തന്ത്രിമാർക്ക് കുറേക്കൂടി ഹൃദയ
വിശാലതയുണ്ടാവണം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: കേരളത്തിലെ തന്ത്രിമാർക്ക് കുറച്ചുകൂടി ഹൃദയ വിശാലതയുണ്ടാവണമെന്നും കാലഘട്ടത്തിന്റെ കുളമ്പടി ശബ്ദം അവർ അറിയണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. അയിത്തം ഇപ്പോഴും മനുഷ്യമനസിൽ കിടക്കുകയാണ്. കൂടൽമാണിക്യം ക്ഷേത്രത്തിൽ കണ്ടത് അതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരി മഠത്തിൽ നടന്ന മഹാപരിനിർവ്വാണ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജാതിയുടെ പേരിൽ പിരിച്ചുവിട്ടയാളെ കോടതി ഇടപെട്ടാണ് തിരികെ ജോലിയിൽ പ്രവേശിപ്പിച്ചത്. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ വിഷയത്തിൽ ഇടപെട്ട് ജാതി നശീകരണ യാത്രയും നിവേദനം നടത്തുകയുമുണ്ടായി. എന്നിട്ടും അവിടുത്തെ തന്ത്രിമാർ മാമൂലുകൾ വച്ചു പുലർത്തുകയാണ്. ഈ രാജ്യത്തിന്റെ അവസ്ഥ എങ്ങനെയാവുമെന്ന് അവർ ചിന്തിക്കണം. അതറിഞ്ഞു ജീവിച്ചില്ലെങ്കിൽ നിൽക്കുന്നിടത്തുള്ള മണ്ണ് കൂടി ഇളകിപ്പോയി അവരും അഗാധമായ ഗർത്തത്തിലേക്ക് പതിച്ചുപോകുമെന്നുള്ള സത്യം മനസിലാക്കണം. അയിത്തത്തെ അംഗീകരിക്കുന്ന പ്രവണതകളിൽ നിന്ന് അവർ പിന്തിരിയണമെന്നതാണ് ശിവഗിരി മഠത്തിന്റെ അഭിപ്രായം. ഗുരുവിനെ ബ്രഹ്മനിഷ്ഠനായി കണ്ട് അദ്ദേഹത്തിന്റെ ദർശനം പ്രചരിപ്പിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ലോകശാന്തിദിനമായി
ശിവഗിരിരിൽ മഹാ
സമാധിദിനാചരണം
ശിവഗിരി: ശിവഗിരി മഠത്തിൽ മഹാസമാധി ദിനം ലോകശാന്തിദിനമായി ആചരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന മഹാപരിനിർവ്വാണ സമ്മേളനം പത്തനംതിട്ട ശ്രീരാമകൃഷ്ണമഠത്തിലെ ആപ്തലോകാനന്ദ സ്വാമിജി മഹാരാജ് ഉദ്ഘാടനം ചെയ്തു.
ഗുരുദേവ ശിഷ്യൻ സദ്ഗുരു മലയാള സ്വാമിയുടെ ശിഷ്യപരമ്പരയിലെ സ്വാമി പരമാത്മാനന്ദഗിരി മഹാസമാധി സന്ദേശം നൽകി. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.വി.എം.സുധീരൻ , അടൂർ പ്രകാശ് എം.പി, വി.ജോയി എം.എൽ.എ , വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് അഡ്വ.സ്മിത സുന്ദരേശൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.
സ്വാമി സച്ചിദാനന്ദ ഗുരുദേവന്റെ മഹാപരിനിർവ്വാണ പ്രഭാഷണവും സത്യവ്രതസ്വാമി നിർവ്വാണ ശതാബ്ദി സ്മൃതിപ്രഭാഷണവും നടത്തി. വൈദിക മഠത്തിൽ ഉപവാസ യജ്ഞത്തിന് സ്വാമി പരാനന്ദയ നേതൃത്വം നൽകി.
ഉച്ചയോടെ ശാരദാമഠത്തിൽ സന്യാസശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഹോമയജ്ഞം നടന്നു . തുടർന്ന് മഹാസമാധി മന്ദിരത്തിലേക്ക് സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തിൽ കലശ പ്രദക്ഷിണയാത്ര നടന്നു.സ്വാമി സൂക്ഷ്മാനന്ദ, മഠം തന്ത്രി സ്വാമി ശിവ നാരായണ തീർത്ഥ, സ്വാമി അസംഗാനന്ദഗിരി , സ്വാമി പരമാത്മാനന്ദഗിരി തുടങ്ങിയവർ പങ്കെടുത്തു . 3.30ന് മഹാസമാധി പൂജയിൽ ആയിരങ്ങൾ പങ്കെടുത്തു. ഓം നമോ നാരായണായ മന്ത്രധ്വനികളാൽ ശിവഗിരിക്കുന്ന് ഭക്തിസാന്ദ്രമായി .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |