ഇത്തവണ വരവ് വൈകി
തിരുവനന്തപുരം: ദേശാടനകാലത്തിന് തുടക്കമിട്ട് തലസ്ഥാനത്തെ പ്രധാന തണ്ണീർത്തടങ്ങളിൽ ദേശാടകർ ഉൾപ്പെടെയുള്ള നീർപ്പക്ഷികൾ വീണ്ടും വരവായി. സാധാരണ ജൂലായ് അവസാനത്തോടെയാണ് ഇത്തരം പക്ഷികളെത്തുന്നത്. ഇത്തവണ പക്ഷികളെ കാണാതായതോടെ നിരീക്ഷകർ ആശങ്കയിലായിരുന്നു. തലസ്ഥാനത്തെ പ്രകൃതി ഗവേഷണ സംഘടനയായ വാർബ്‌ളേർസ് ആൻഡ് വെയ്‌ഡേഴ്സ് പ്രവർത്തകർ കഴിഞ്ഞ ആഴ്ച നടത്തിയ പഠനത്തിലാണ് ദേശാടനപ്പക്ഷികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. വെള്ളായണി കായൽ, കഠിനംകുളം തടാകം അനുബന്ധ തണ്ണീർത്തടങ്ങളും കൂടാതെ പെരുമാതുറ കടൽക്കരയിലുമാണ് ഇവയെ കണ്ടത്. മുതിർന്ന പക്ഷിഗവേഷകരായ സി.സുശാന്ത്,ഡോ.ബ്ലെസ്സൻ സന്തോഷ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം.ജോസ്.കെ.എസ്,ജോബി കട്ടേല,അമൽ.എസ്,മോൻസി തോമസ്,രാഹുൽ രാധാകൃഷ്ണൻ,അഭിജിത്ത്.എ.എസ്,വിഷ്ണു,വേദാർഥ് എന്നിവരും സംഘത്തിലുണ്ട്. തലസ്ഥാനത്ത് പുഞ്ചക്കരി പ്രദേശത്താണ് ദേശാടനപ്പക്ഷികളെ കൂടുതലായും കാണുന്നത്.
ന്യൂനമർദ്ദം,ചക്രവാതച്ചുഴി,കാലാവസ്ഥയിലുണ്ടായ വ്യതിയാനങ്ങൾ എന്നിവയാണ് ദേശാടനപ്പക്ഷികളുടെ വരവ് വൈകാൻ കാരണമെന്നാണ് ഗവേഷകർ പറയുന്നത്
പവിഴക്കാലി,മംഗോളിയൻ മണൽക്കോഴി,ഹ്യുഗ്ലിൻ കടൽകാക്ക തെറ്റിക്കൊക്കൻ,മുൾവാലൻ ചുണ്ടൻകാട,നീർക്കാട,പുള്ളിക്കാടക്കൊക്ക്,കരണ്ടിക്കൊക്കൻ തുടങ്ങിയ ദേശാടന നീർപ്പക്ഷികളെയും വയൽക്കോതി കത്രിക,ചോരക്കാലി,വലിയ വേലിത്തത്ത എന്നീ ദേശാടനപ്പക്ഷികളെയുമാണ് കണ്ടെത്തിയത്.
മൈലുകൾ താണ്ടി
ഗോഡ്‌വിറ്റുകളെത്തും!
കൂടുതൽ ദൂരത്ത് നിന്നെത്തുന്ന കരിവാലൻ,വരവാലൻ ഗോഡ്‌വിറ്റുകളെ പക്ഷി നിരീക്ഷകർ കാത്തിരിക്കുകയാണ്. 10,563 മൈലുകൾ താണ്ടി (17,000 കി.മീ) യു.എസിലെ അലാസ്കയിൽ നിന്നാണിവയെത്തുന്നത്. യുദ്ധവിമാനത്തിന്റെ ആകൃതിയുള്ള ഇവയ്ക്ക് അതിവേഗം മൈലുകൾ താണ്ടാനാകും. യൂറോപ്യൻ,മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് നീർക്കാട,ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പവിഴക്കാലി,യൂറോപ്യയിലെ തെറ്റിക്കൊക്കൻ എന്നിവയും വരുംദിവസങ്ങളിൽ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ.
ഇക്കുറി വ്യത്യസ്തമായ കൂടുതൽ പക്ഷികളെത്താൻ സാദ്ധ്യതയുണ്ട്. വികസനങ്ങൾ അനിവാര്യമാണെങ്കിലും നെൽവയലുകളും തടാകങ്ങളും പരമാവധി സംരക്ഷിച്ചാൽ ഇത്തരം പക്ഷികളെ കൂടുതൽ ആകർഷിക്കാം.
-സി.സുശാന്ത്
രക്ഷാധികാരി, വാർബ്‌ളേർസ് ആൻഡ് വെയ്‌ഡേഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |