തൃശൂർ: 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപേ 1888ൽ അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി വിവിധ പ്രതിഷ്ഠകളിലൂടെ ദൈവാരാധനയ്ക്ക് അവസരം ഒരുക്കിത്തന്നയാളാണ് ഗുരുദേവനെന്ന് പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം സെക്രട്ടറി സ്വാമി ദിവ്യാനന്ദഗിരി. ദൈവദശകം കൂട്ടായ്മയുടെ നേതൃത്വത്തിൽ ശിവഗിരി മഠം ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി, തൃശൂർ കർമ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ തെക്കെഗോപുരനടയിൽ ശിവപ്രസാദ പഞ്ചകം ഭരതനാട്യരൂപത്തിന്റെ സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്തിനിർഭരമായി ചൊല്ലാനും ഗുരുവിലേക്ക് അടുക്കാനും കഴിയുന്ന 73ലേറെ കൃതികൾ ഗുരു രചിച്ചിട്ടുണ്ട്.
1888നും 1897നും മദ്ധ്യേ അരുവിപ്പുറത്ത് താമസിക്കുമ്പോൾ ശ്രീനാരായണഗുരുദേവൻ പറഞ്ഞുകൊടുത്തത് പ്രകാരം ശിവലിംഗദാസ സ്വാമികൾ എഴുതിയെടുത്തതാണ് ശിവപ്രസാദ പഞ്ചകം. കൃപയും ജ്ഞാനവും ഒത്തിണങ്ങിയ പടനായകൻ എന്നാണ് സഹോദരൻ അയ്യപ്പൻ മഹാസമാധി ഗാനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നതെന്നും സ്വാമി ദിവ്യാനന്ദഗിരി വിശദീകരിച്ചു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഈ പ്രകൃതിയും മനുഷ്യനും നിലനിൽക്കുന്ന കാലം വരെ ഗുരുദേവ ദർശനങ്ങളിലൂടെ ശ്രീനാരായണഗുരുദേവൻ എന്നും ജീവിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ ടി.എൻ. പ്രതാപൻ അഭിപ്രായപ്പെട്ടു. മനുഷ്യനായി ജീവിക്കാൻ നൽകിയ ഏറ്റവും വലിയ സന്ദേശമാണ് ഗുരുദേവന്റെ ജീവിതമെന്നും പ്രതാപൻ പറഞ്ഞു. ഗുരുദേവനെക്കുറിച്ച് ഏത് പരാമർശമുണ്ടായാലും ഗുരുദർശനങ്ങൾ എവിടെ നിന്ന് കേട്ടാലും ശ്രദ്ധിക്കാറുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ പറഞ്ഞു. ഗുരു ഈശ്വരൻ തന്നെയാണെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |