ന്യൂഡൽഹി: ബീഹാറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെൻ മോദിയെ അധിക്ഷേപിച്ചെന്ന് ബി.ജെ.പി. ആരോപണം ആർ.ജെ.ഡി നിഷേധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ആരോപിച്ചു. ബീഹാർ അധികാർ യാത്രയ്ക്കിടെ തേജസ്വി സംസാരിക്കുന്നതിനിടെ, ഒരാൾ മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്ന രീതിയിലുള്ള മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ബി.ജെ.പി ബീഹാർ ഘടകം സമൂഹ മാദ്ധ്യമമായ എക്‌സിൽ പങ്കുവച്ചു. മോദിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപം നടത്താനുള്ള അവസരം തേജസ്വി തന്റെ റാലിയിൽ വീണ്ടും ഒരുക്കിയെന്ന് സമൂഹ മാദ്ധ്യമത്തിൽ വീഡിയോ പങ്കുവച്ചുകൊണ്ട് ബി.ജെ.പി ആരോപിച്ചു. അമ്മമാരെയും സഹോദരിമാരെയും അപമാനിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ആർ.ജെ.ഡിക്കും കോൺഗ്രസിനുമുള്ളത്. ഇതിനുള്ള മറുപടി ബീഹാറിലെ അമ്മമാരും സഹോദരിമാരും നൽകുമെന്നും പറഞ്ഞു.
വീഡിയോ കൃത്രിമമാണെന്നും റാലിക്കിടെ ആരും അധിക്ഷേപ പരാമർശം നടത്തിയിട്ടില്ലെന്നും ആർ.ജെ.ഡി എം.എൽ.എ ഡോ. മുകേഷ് റൗഷൻ പറഞ്ഞു.
നേരത്തെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്രയ്ക്കിടെ മോദിയുടെ അമ്മയെ ചിലർ അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |