അവിണിശേരി : എയിംസിനായി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയലക്ഷ്യമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവിണിശ്ശേരി പാലയ്ക്കൽ ശെരിശ്ശേരിക്കാവ് ക്ഷേത്രത്തിന് സമീപം കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വികസനത്തിൽ ആലപ്പുഴ പിന്നാക്കം നിൽക്കുന്ന ജില്ലയായതുകൊണ്ടാണ് എയിംസ് അവിടെ വരട്ടെയെന്ന നിലപാട് സ്വീകരിച്ചത്. തൃശൂരിൽ എയിംസ് വന്നാൽ എം.പിയെന്ന നിലയിൽ എനിക്ക് മുതൽക്കൂട്ടാകും. അത് തടയുകയാണ് ചില രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം. അവിടെ എയിംസിനെ ഉൾക്കൊള്ളാൻ സാധിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ കത്തിൽ പറയുന്നത്. അതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. ഇടുക്കിക്ക് ഒരു സർപ്രൈസ് വികസനം കാത്തിരിപ്പുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എം.പി ഫണ്ട് ഉപയോഗിച്ച് അവിണിശ്ശേരി പഞ്ചായത്തിൽ നിർമ്മിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരി സി.നരേന്ദ്രൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ.ഹരി, ജില്ലാ വൈസ് പ്രസിഡന്റ് സുജയ് സേനൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |