തിരുവനന്തപുരം: മതിയായ അദ്ധ്യാപകരില്ലാത്തതിനാൽ കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസവും പരിശീലനവും അപകടത്തിലാണെന്ന മുന്നറിയിപ്പ് നോട്ടീസുമായി ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ. ഇന്നലെ മെഡിക്കൽ കോളേജുകളിൽ പുതിയ എം.ബി.ബി.എസ് ബാച്ച് ഓറിയന്റേഷൻ ക്ലാസിനെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് നോട്ടീസ് നൽകിയത്. ഇത് രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കി. തസ്തിക സൃഷ്ടിക്കാത്തതിലും അടിക്കടിയുള്ള സ്ഥലംമാറ്റത്തിലും ശമ്പളത്തിലെ അപാകത പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തിൽ അദ്ധ്യാപകർ കരിദിനം ആചരിച്ചു. കുറവുള്ള അദ്ധ്യാപകരുടെ എണ്ണം ഉൾപ്പെടെ പ്രതിസന്ധികൾ അക്കമിട്ടു നിരത്തുന്ന നോട്ടീസ് മുതിർന്ന അദ്ധ്യാപകർ നേരിട്ടു നൽകുകയായിരുന്നു. തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിന് മുന്നിലും മറ്റു ജില്ലകളിൽ മെഡിക്കൽ കോളേജുകളിലും അദ്ധ്യാപകർ ഇന്ന് ധർണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10.30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |