തൃശൂർ: ശാന്തവും സൗമ്യവുമായി പുണ്യജീവിതം നയിച്ച് സഭയെ നയിച്ച ആർച്ച് ബിഷപ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിക്ക് തൃശൂർ നിവാസികൾ വികാരനിർഭരമായ യാത്രഅയപ്പ് നൽകി. ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞപ്പോൾ തൃശൂർ വിടാൻ ആഗ്രഹിച്ചിരുന്ന മാർ തൂങ്കുഴിയെ സ്‌നേഹത്തോടെയാണ് തൃശൂരിൽ തന്നെ വിശ്രമിക്കാൻ വിശ്വാസികൾ നിർബന്ധിച്ചിരുന്നത്.
ആ സ്‌നേഹത്തിൽ നിന്ന് മാറി നിൽക്കാൻ കഴിയാതിരുന്ന തൂങ്കുഴി പിതാവിന്റെ ഭൗതികശരീരം കോഴിക്കോട്ടേക്കുള്ള അന്ത്യയാത്രയ്ക്കായി തിരിക്കുന്നതിനിടെ സങ്കടം അടക്കാനാകാതെ പുരോഹിതരും സിസ്റ്റർമാരും വിശ്വാസികളുമൊക്കെ കണ്ണുനീർ തുടയ്ക്കുന്നുണ്ടായിരുന്നു. ഞായറാഴ്ച മുതൽ ലൂർദ്ദ് കത്തീഡ്രലിലേക്ക് മാർ തൂങ്കുഴിയുടെ ഭൗതികശരീരം കാണാൻ ആളുകളെത്തിക്കൊണ്ടിരുന്നു.
ഇന്നലെ രാവിലെ ലൂർദ് കത്തീഡ്രലിലെ രണ്ടാംഘട്ട സംസ്‌കാര ശുശ്രൂഷയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിച്ചു. ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച് ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർ സഹകാർമ്മികരായി. മറ്റ് പിതാക്കന്മാർ തിരുവസ്ത്രങ്ങളണിഞ്ഞ് ഭൗതികശരീരത്തിന്റെ ഇരുഭാഗത്തും നിന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും ഓർമകൾ പങ്കുവച്ചു.
കുർബാനയോടെയുള്ള മൂന്നാംഘട്ട ശുശ്രൂഷയ്ക്ക് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. മുപ്പതോളം ബിഷപ്പുമാർ സഹകാർമ്മികരായി. തുടർന്ന് ദേവാലയത്തോട് വിട ചോദിക്കൽ ചടങ്ങ് നടന്നു. പ്രധാന വാതിൽ വഴി ഭൗതികദേഹം കത്തീഡ്രൽ അങ്കണത്തിലെത്തിച്ചു. കളക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, തഹസിൽദാർ ടി.ജയശ്രീ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ നൽകി. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, എം.പിമാരായ ബെന്നി ബഹനാൻ, ജോസ് കെ.മാണി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവർ കത്തീഡ്രലിലെത്തി ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ഭൗതികശരീരം വഹിച്ചുള്ള യാത്ര കോഴിക്കോട്ടേക്ക് തിരിച്ചു.
ആർച്ച് ബിഷപ്പ് എമരിറ്റ്സ് മാർ ജേക്കബ് തൂങ്കുഴിയുടെ വിയോഗം സഭയ്ക്കും സന്ന്യസ്ഥർക്കും മാത്രമല്ല, പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. ഒരു പതിറ്റാണ്ട് തൃശൂർ രൂപതയെ നയിച്ച,ജന നന്മയ്ക്കായി നിരവധി സ്ഥാപനങ്ങളുടെ വികസനം നടപ്പാക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിശുദ്ധ പിതാവാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
മണപ്പുറം ഫിനാൻസ് മാനേജിംഗ്
ഡയറക്ടർ വി.പി.നന്ദകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |