പത്തനംതിട്ട : എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് റവന്യു ഉദ്യോഗസ്ഥർ, ഇനി സർക്കാരിന്റെ അനുമതി ലഭിച്ചാൽ നദികളിലെ മണൽ സമ്പത്ത് വാരിയെടുക്കാം. തുലാവർഷത്തിന് മുമ്പ് നദികളിലെ മണൽ വാരാൻ സാധിക്കുമോയെന്ന ചോദ്യമാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്.
ഒക്ടോബർ അവസാനിക്കുന്നതിന് മുമ്പ് ലേല നടപടികളിലേക്ക് കടന്നില്ലെങ്കിൽ ഈ വർഷവും മണൽ വാരൽ ഉണ്ടാകില്ല. ഒക്ടോബർ അവസാനമോ നവംബർ ആദ്യ വാരമോ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും. പിന്നെ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പെരുമാറ്റച്ചട്ടം പിൻവലിക്കാതെ അനുമതി നൽകാനാവില്ല.
കഴിഞ്ഞവർഷം ആദ്യം സാൻഡ് ഓഡിറ്റിംഗ് പൂർത്തിയാക്കി കടവുകളുടെ എണ്ണം നിശ്ചയിച്ച് എല്ലാ നടപടികളും പൂർത്തിയാക്കിയപ്പോഴാണ് പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുകയും പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനാൽ തുടർനടപടികൾ മരവിച്ചു. കഴഞ്ഞ മഴക്കാലത്തിന് മുമ്പ് മണൽ വാരാൻ അനുമതി നൽകണമെന്ന് ആവശ്യമുയർന്നിരുന്നതാണ്. കാലവർഷം ശക്തമായാൽ നദികളിലെ ജലനിരപ്പുയർന്ന് കരകളിലേക്ക് ഒഴുകമെന്ന ആശങ്കയുണ്ടായിരുന്നു. ഇത്തവണ തുലാവർഷം കനത്താൽ ആശങ്ക വർദ്ധിക്കും.
ജില്ലയിലെ കടവുകൾ : 20,
പമ്പയിൽ : 13, അച്ചൻകോവിലാറിൽ : 7
മണൽവാരൽ നിരോധിച്ചിട്ട് 11 വർഷം
മണൽവാരൽ നിരോധിച്ചിട്ട് പതിനൊന്ന് വർഷമായി. പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ നിയന്ത്രിതമായ അളവിൽ മണൽവാരുന്നതിനാണ് മുമ്പ് അനുവദിച്ചിരുന്നത്. എന്നാൽ, പാസിന്റെ മറവിൽ അനിയന്ത്രിതമായും അളവിൽ കൂടുതലും മണൽവാരുകയും നദികളിലൂടെ വെള്ളം വേഗത്തിൽ കടലിൽ എത്തുകയും ചെയ്യുന്നത് വലിയ പാരിസ്ഥിതിക പ്രശ്നമായി ഉയർന്നുവന്നു. ക്വാറി ഉൽപ്പന്നങ്ങൾക്ക് വിലയിടിയുകയും ചെയ്തു. ഇതോടെ മണൽവാരൽ നിരോധിച്ചു.
അനുമതി നൽകാൻ കാരണം
1. മണൽ നിറഞ്ഞ് നദികളുടെ അടിത്തട്ട് ഉയർന്നതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് കാരണമാകും. മണൽ നിയന്ത്രിത അളവിൽ നീക്കി സംഭരണശേഷി കൂട്ടണം.
2. മണൽ ലേലത്തിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് വരുമാനമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |