ആലപ്പുഴ : റിവേഴ്സ് മൈഗ്രേഷന്റെ സവിശേഷ സാഹചര്യത്തിൽ സംരംഭകർക്കും സംസ്ഥാനത്തിനും ഗുണകരമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകി വരികയാണെന്ന് മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ഹോട്ടൽ റോയൽ പാർക്കിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളം വിട്ടുപോയ 40,000ത്തോളം പേരാണ് ഇതിനകം മടങ്ങിയെത്തിയത്. വിസ നിയമത്തിലെ മാറ്റം അമേരിക്കയിലെ തൊഴിലവസരങ്ങൾക്ക് വെല്ലുവിളിയാകുമെങ്കിലും വിവരസാങ്കേതികവിദ്യയുടെ കാലത്ത് അഭ്യസ്തവിദ്യർക്ക് നൂതന ബിസിനസ് സംരംഭങ്ങൾക്കായുള്ള വാതിൽ കേരളം തുറന്നിട്ടിരിക്കുകയാണ്. വ്യവസായ വളർച്ചയ്ക്ക് അനന്ത സാദ്ധ്യതയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇടമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വ്യവസായ വളർച്ചയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം. കൊച്ചി ഇൻവെസ്റ്റ് മീറ്റിലെത്തിയ താൽപ്പര്യപത്രങ്ങളിൽ 25 ശതമാനം നിർമ്മാണഘട്ടത്തിലേക്ക് കടന്നു. ഭാരത് ബയോടെക്കിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്രിനാണ് ഏറ്റവും ഒടുവിൽ തറക്കല്ലിട്ടത്. ആലപ്പുഴയിൽ മെഗാ ഫുഡ് പാർക്ക് വിജയകരമായി തുടരവേ മാരിടൈം മേഖലയിലും ആലപ്പുഴയുടെ പ്രതാപം വീണ്ടെടുക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. കപ്പലുകൾക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ടൂറിസം രംഗത്ത് അനന്തസാദ്ധ്യതകളുള്ള ആലപ്പുഴയിൽ കനാലുകളുടെ സൗന്ദര്യവൽക്കരണം അവസാന ഘട്ടത്തിലാണ്. ആലപ്പുഴ കേന്ദ്രീകരിച്ച് സ്റ്റീൽ വ്യവസായ സംരംഭത്തിനുള്ള ചർച്ചയും പുരോഗമിക്കുകയാണ്. കയർ രംഗത്തെ പ്രതിസന്ധികൾ മറികടക്കാനുള്ള സമഗ്രമായ നിർദേശങ്ങൾ കയർ കോൺക്ളേവിൽ ഉരുത്തിഞ്ഞു. കയർ കോർപ്പറേഷനും ഫോം മാറ്റിംഗ്സും ഒരുമിച്ച് ലാഭത്തിലായ സാഹചര്യത്തിൽ ഓഫീസ് ചെലവുകൾ കൂടി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇവയെ ലയിപ്പിക്കാനാണ് തീരുമാനം.
പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ചെറുകിട, ഇടത്തരം വ്യവവസായങ്ങളുടെ നിലനിൽപ്പിന് ആവശ്യം. ഇതിനായി റേഷൻ കടകളോടനുബന്ധിച്ച് ആരംഭിച്ച കെ. സ്റ്റോറുകളിലെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇതിനോടകം 30 കോടി പിന്നിട്ടു. ഓൺലൈൻ പ്ളാറ്റ് ഫോം വികസിപ്പിച്ചുവരികയാണ്. 100 കോടി വീതം മുതൽമുടക്കുള്ള മിഷൻ 1000 പദ്ധതിയിൽ 444 സംരംഭങ്ങൾ പങ്കാളികളായിഞ്ഞ അഞ്ചേക്കറോളം ഭൂമിയുള്ള കാമ്പസുകൾ കേന്ദ്രീകരിച്ചുള്ള കാമ്പസ് ഇൻഡസ്ട്രീസ് പാർക്ക് പദ്ധതിയിൽ 10 കാമ്പസ് പാർക്കുകൾക്ക് അനുമതിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ,എച്ച്.സലാം എന്നി വർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാദ്ധ്യക്ഷ കെ.കെ ജയമ്മ വിശിഷ്ടാതിഥിയായി. നെടിയത്ത് ഗ്രൂപ്പ് ചെയർമാനും സിനിമാ നിർമ്മാതാവുമായ നെടിയത്ത് നസീബ്, വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി, മരിയാസ് നാച്ചുറൽസ് മാനേജിംഗ് ഡയറക്ടർ മരിയ സാജൻ, എയർവെ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ രാഖി കൃഷ്ണൻ, യു.ടെക് ഹോം സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കൃഷ്ണൻ എന്നിവരെ മന്ത്രി ആദരിച്ചു. മന്ത്രിക്ക് യൂണിറ്റ് ചീഫ് കെ.എസ് സന്ദീപ് കേരളകൗമുദിയുടെ ഉപഹാരം നൽകി. ന്യൂസ് എഡിറ്റർ എം.പി.സുനിൽ സ്വാഗതവും ബ്യൂറോ ചീഫ് സിത്താര സിദ്ധകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |