ന്യൂഡൽഹി: വിദേശത്ത് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് മൊറോക്കോയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. ബെറെചിഡിൽ മൊറോക്കോ സൈന്യവുമായി ചേർന്നാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് പ്ലാന്റ് സ്ഥാപിച്ചത്. ഇന്ത്യയും മൊറോക്കോയും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിലെ ചരിത്ര നിമിഷമാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. 20,000ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) സംയുക്തമായി വികസിപ്പിച്ച, ഏത് ഭൗമസാഹചര്യത്തിലും ഉപയോഗിക്കാനാകുന്ന സൈനിക വാഹനം ഇവിടെ നിർമ്മിക്കും. മൈനുകളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സൈനികർക്ക് സംരക്ഷണം നൽകുന്ന രീതിയിലാണ് വാഹനം വികസിപ്പിച്ചിരിക്കുന്നത്. ഒരു വർഷം ഇത്തരത്തിലുള്ള 100 വാഹനങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം.
വാഹന നിർമ്മാണത്തിനായി കഴിഞ്ഞ സെപ്തംബറിലാണ് ടാറ്റ ഗ്രൂപ്പുമായി മൊറോക്കോ സൈന്യം കരാർ ഒപ്പുവച്ചത്. പ്രതീക്ഷിച്ചതിലും മൂന്നു മാസം നേരത്തെയാണ് പ്ലാന്റ് പ്രവർത്തനം തുടങ്ങുന്നത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമ്മിച്ച 92 ആറുചക്ര സൈനിക ട്രക്കുകൾ 2023ൽ മൊറോക്കൻ സൈന്യത്തിന് കൈമാറിയിരുന്നു. 2445 ഡിഫൻസ് ഡംപ് ട്രക്കുകൾക്കായും കരാറുണ്ട്.
ഇന്ത്യയുടെ ആത്മനിർഭർ എന്ന ആശയം സ്വന്തം ആവശ്യങ്ങൾക്കുള്ളവ നിർമ്മിക്കുക എന്നത് മാത്രമല്ലെന്നും ലോകത്തിനാകെ വിശ്വസനീയമായ ഉന്നത നിലവാരമുള്ള ഉത്പന്നങ്ങൾ നൽകുക എന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. 'മേക്ക് ഇൻ ഇന്ത്യ' എന്നതിനൊപ്പം 'മെയ്ക്ക് വിത്ത് ഫ്രൻഡ്‌സ്', 'മെയ്ക്ക് വിത്ത് വേൾഡ്' എന്നിവയും ഇന്ത്യ ലക്ഷ്യമിടുന്നു. ഈ സമീപനത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് മൊറോക്കോയിലെ പ്രതിരോധ പ്ലാന്റ്- അദ്ദേഹം പറഞ്ഞു.
മൊറോക്കോ വ്യവസായ-വ്യാപാര മന്ത്രി റയാദ് മെസോറും മൊറോക്കോ സർക്കാരിലെയും സൈന്യത്തിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് രാജ്‌നാഥ് സിംഗ് മൊറോക്കോയിലെത്തിയത്. ആദ്യമായാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സന്ദർശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |