ആംബുലൻസ് വിട്ടുനൽകാതെ ജില്ലാ ആശുപത്രി
കൊല്ലം: ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാഞ്ഞതിനാൽ നഗരഹൃദയത്തിലുണ്ടായ അപകടത്തിൽപ്പെട്ട രണ്ട് യുവാക്കൾ ഒരു മണിക്കൂറോളം ചോര വാർന്ന് നിരത്തിൽ കിടന്നു. ഇന്നലെ വൈകിട്ട് ആറരയോടെ ചിന്നക്കട- ആശ്രാമം റോഡിൽ ദേശിംഗനാട് സ്കാനിംഗ് സെന്ററിന് സമീപമായിരുന്നു അപകടം.
യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇതിനിടയിൽ സ്ഥലത്ത് എത്തിയ പൊതുപ്രവർത്തകനായ വാസുജി പള്ളിത്തോട്ടം തന്റെ വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങിയെങ്കിലും യുവാക്കളുടെ കാലിന് ഗുരുതര പരിക്കുള്ളതിനാൽ കഴിഞ്ഞില്ല. ഇതോടെ വാസുജി ജില്ലാ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും അവിടുത്തെ രോഗികളുടെ ആവശ്യത്തിന് മാത്രമേ ആബുലൻസ് ഉപയോഗിക്കുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സ്ഥലത്തെത്തിയ പൊലീസും ജില്ലാ ആശുപത്രിയിൽ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. പിന്നീട് നഗരഹൃദയത്തിലുള്ള പല ആംബുലൻസുകളെ ബന്ധപ്പെട്ടെങ്കിലും ആരുമെത്തിയില്ല.
ഒടുവിൽ ഏഴരയോടെ ഉമയനല്ലൂരിൽ നിന്ന് എത്തിയ സ്വകാര്യ ആംബുലൻസിൽ യുവാക്കളെ വാസുജിയും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം നഗരത്തിലെ സ്വാകര്യ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് യുവാക്കൾ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടക്കുമ്പോഴും ആംബുലൻസ് വിട്ടുനൽകാതിരുന്ന ജില്ലാ ആശുപത്രി അധികൃതർക്കെതിരെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് വാസുജി പള്ളിത്തോട്ടം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |