ചവറ: ദേശീയപാതയിൽ നീണ്ടകര പാലത്തിനും ചവറ പാലത്തിനും ഇടയിലായി കഴിഞ്ഞ ഒരാഴ്ചയായി ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്നലെ അർദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചതാണ് അവസാന സംഭവം. ഇന്നലെ അർദ്ധരാത്രി ഒന്നോടെ മുളങ്കാടകം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചവറ കോട്ടയ്ക്കകം അയ്യപ്പഭവനത്തിൽ പ്രകാശാണ് (50) മരിച്ചത്. നീണ്ടകര എ.എം.സി മുക്കിന് സമീപം റോഡിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറിൽ ഇടിച്ച് പ്രകാശ് സഞ്ചരിച്ച ഇരുച്ചക്രവാഹനം അപകടത്തിൽപ്പെടുകയായിരുന്നു ദേശീയപാത അധികൃതരുടെ അനാസ്ഥ മൂലം കഴിഞ്ഞ പത്ത് ദിവസങ്ങൾക്കിടയിൽ മൂന്ന് കുടുംബങ്ങളാണ് അനാഥമായത്. 14ന് നീണ്ടകര ജോയിന്റ് ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരനായ മത്സ്യത്തൊഴിലാളി നീണ്ടകര വടക്കേതുണ്ടിൽ (ബൈജു ഭവനത്തിൽ) ബൈജു (43) കാറിടിച്ച് മരിച്ചു. 19ന് പരിമണത്ത് സ്കൂട്ടുകൾ കൂട്ടിയിടിച്ച് കാവനാട് ജംഗ്ഷനിൽ ഷോപ്പ് നടത്തിവന്ന കാവനാട് ശ്രീദേവി മന്ദിരത്തിൽ ശ്രീജിത്ത് (30) മരിച്ചു.
ദേശീയപാത നിർമ്മാണത്തിലെ സർവീസ് റോഡുകളുടെ പണികൾ ഈ ഭാഗത്ത് നിലച്ചിട്ട് വർഷങ്ങളായി. സർവീസ് റോഡിൽ ഒരു വശത്തെ പോലും റോഡ് നന്നാക്കിയിട്ടില്ല. ഇന്നലെ മരിച്ച പ്രകാശിന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ഗീതാകുമാരി (നവമി ഡ്രൈവിംഗ് സ്കൂൾ). മകൻ: പ്രണവ്. പരേതനായ പരമേശ്വരൻ പിള്ള- കമലാദേവി അമ്മ ദമ്പതികളുടെ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |