യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ചെറിയൊരു അവധിക്കാലം കിട്ടുമ്പോഴേക്ക് ട്രിപ്പ് പോകാനൊരുങ്ങുന്നവരും ഏറെയാണ്. വശ്യമായ പ്രകൃതിഭംഗിയും മൂടൽമഞ്ഞും തണുപ്പും ആസ്വദിച്ച് നടക്കാനാഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. അങ്ങനെയുള്ളവരെ മാടിവിളിക്കുന്ന സ്ഥലമാണ് വാഗമൺ. വിദേശികൾ പോലും തേടിയെത്തുന്നയിടം. വർഷത്തിൽ ലക്ഷക്കണക്കിനാളുകൾ സന്ദർശിക്കുന്ന സ്ഥലമാണിത്.
കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്നാണ് വാഗമൺ അറിയപ്പെടുന്നത്. വാഗമൺ എന്ന് കേൾക്കുമ്പോൾത്തന്നെ ഗ്ലാസ് ബ്ലിഡ്ജും തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടവും അരുവികളും പൈൻ ഫോറസ്റ്റുമൊക്കെയായിരിക്കും സഞ്ചാരികളുടെ മനസിലേക്ക് ഓടിയെത്തുക. പാരാഗ്ലൈഡിംഗ് പോലുള്ള സാഹസികത ചെയ്‌തുനോക്കാൻ ആഗ്രഹമുള്ളവർക്കും പറ്റിയ ഇടമാണ് വാഗമൺ.
എന്നാൽ പുറത്തുനിന്നുള്ളവർക്ക് അത്ര സുപരിചിതമല്ലാത്ത ഒരു മനോഹരമായ സ്ഥലം വാഗമണ്ണിനടുത്തുണ്ട്. ഏതാണെന്നല്ലേ? തങ്ങൾപാറയാണ് ആ സ്ഥലം. ട്രക്കിംഗിന് താത്പര്യമുള്ളവർക്ക് ഇഷ്ടമാകുന്നയിടം കൂടിയാണിത്. മാത്രമല്ല കോലാഹലമേട്ടിലെ തങ്ങൾപാറ ജാതി മത ഭേദമന്യേ എല്ലാവർക്കും പോകാൻ കഴിയുന്ന ഇസ്ലാമിക തീർത്ഥാടന കേന്ദ്രം കൂടിയാണ്.
ഇസ്ലാം മത പ്രചാരണത്തിനായി കേരളത്തിലെത്തിയ ശൈഖ് ഫരീരുദ്ദീൻ വല്ലിയുല്ലാഹിയുടെ മഖ്ബറയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഹിജ്റ വർഷം 569ൽ അഫ്ഗാനിസ്ഥാനിലെ ഖുറാസാൻ പ്രവിശ്യയിലാണ് ശൈഖ് ഫരീരുദ്ദീൻ വലിയുല്ലാഹിയുടെ ജനനം.
ചെറുപ്പത്തിലേ പിതാവ് മരണപ്പെട്ടു. മാതാവിന്റെ സംരക്ഷണത്തിൽ വളർന്ന അദ്ദേഹം ഏഴാം വയസിൽ ഖുർആൻ മനഃപാഠമാക്കിയെന്നാണ് പറയപ്പെടുന്നത്. ഖുതുബുദ്ദീൻ ബഖ്തിയാർ കാക്കിദ്ദഹ്ലവിയാണ് ഗുരു. പല രാജ്യങ്ങളിൽ പര്യടനം നടത്തിയ അദ്ദേഹം ഒടുവിൽ കേരളത്തിലെത്തി. മലപ്പുറം പൊന്നാനിയിൽ ദീർഘനാൾ താമസിച്ചിട്ടുണ്ട്. ശൈഖ് ഫരീരുദ്ദീൻ വല്ലിയുല്ലാഹി ജീവിച്ചിരുന്ന സമയത്തും അതിനുശേഷവും ഒരുപാട് അത്ഭുതകാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് വിശ്വാസികൾ പറയുന്നത്.
തങ്ങൾപാറയിൽ കൊടുംവേനലിൽപോലും വറ്റാത്ത ഒരു ചെറിയ കുളമുണ്ട്. ഇതിലെ വെള്ളം അത്രയും പരിപാവനമായിട്ടാണ് കണക്കാക്കുന്നത്. ശൈഖ് ഫരീരുദ്ദീൻ വല്ലിയുല്ലാഹി തങ്ങൾപ്പാറയിലെത്തി കുറേക്കാലം ആരാധന നടത്തിയിരുന്നത്രേ. ഈ പാറ ആദ്യം ചെറുതായിരുന്നുവെന്നും, അത് വളർന്നുകൊണ്ടിരിക്കുകയാണെന്നുമൊക്കെ ഇവിടെയുള്ളവർ പറയുന്നുണ്ട്. മതപരമായ പല ചടങ്ങുകളും തങ്ങൾപാറയിൽ നടത്തിവരുന്നു. ഈ സമയം ലക്ഷദ്വീപ് അടക്കമുള്ളയിടങ്ങളിൽ നിന്ന് മതപ്രചാരകരും മതപണ്ഡിതരുമൊക്കെ ഇവിടെയെത്താറുണ്ടത്രേ.
രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാലരവരെയാണ് ഇവിടത്തെ സന്ദർശന സമയം. പാറയുടെ താഴെ പാർക്കിംഗ് സൗകര്യം ഉണ്ട്. ചെറിയൊരു തുക നൽകിയാൽ മതി. ഇവിടെയെത്തുന്നവർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനും നിസ്‌കാരത്തിനുമൊക്കെയുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
തങ്ങൾപാറയിലേക്കുള്ള പ്രവേശനത്തിന് പണമൊന്നും ഈടാക്കുന്നില്ല. കുത്തനെയുള്ള മലയാണ് കയറാനുള്ളത്. ആദ്യം ചെറിയൊരു പേടി മനസിലുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ കൈക്കുഞ്ഞുങ്ങളെക്കൊണ്ടുപോലും ഇവിടെ ആളുകൾ എത്തുകയും വളരെ കൂളായി മല കയറുകയും ചെയ്യുന്നുണ്ടെന്നതാണ് അമ്പരപ്പിക്കുന്നൊരു കാര്യം.
പല സമയങ്ങളിലും നട്ടുച്ചയ്‌ക്കുപോലും കോടമഞ്ഞാണ്. നിശബ്ദത പാലിച്ചുവേണം മഖാമിലേക്ക് പോകാൻ. തങ്ങൾപ്പാറയിലേക്ക് ഒരു കിലോമീറ്ററിലധികം നടക്കാനുണ്ട്. കാലൊന്നുതെറ്റിയാൽ ചിലപ്പോൾ ജീവൻ തന്നെ പോയേക്കാം. അതിനാൽ അതീവ ശ്രദ്ധയോടെ വേണം നടക്കാൻ. മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ സമീപത്തെ ഒരുവിധം പ്രദേശങ്ങളൊക്കെ കാണാൻ സാധിക്കും. പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്ര മനോഹരമായ കാഴ്ചയാണ്. മഖാമിലേക്കുള്ള വഴി തെറ്റാതിരിക്കാനായി പാറയുടെ മുകളിൽ അടയാളംവച്ചിട്ടുണ്ട്.
എങ്ങനെ എത്താം
ഈരാറ്റുപേട്ടയിൽ നിന്ന് വരുന്നവർ വാഗമണ്ണിലേക്കുള്ള വഴിയാണ് ഇങ്ങോട്ടേക്ക് വരേണ്ടത്. കോട്ടയം കുമളി റൂട്ടിൽ നിന്നുള്ളവർ മുണ്ടക്കയത്തുനിന്ന് ഏന്തയാർ വഴിയാണ് വരേണ്ടത്. കുട്ടിക്കാനത്തുനിന്നും കട്ടപ്പനയിൽ നിന്നുമൊക്കെ വരുന്നവർ ഏലപ്പാറ വഴിയാണ് വരേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |