കൊച്ചി: കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ ധാരണയായതോടെ നിലവിലെ ഹൈക്കോടതി സമുച്ചയം എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന ചർച്ചകളും സജീവം. സംസ്ഥാനത്ത് ഏറ്റവുമധികം കോടതികളും ട്രിബ്യൂണലുകളും ജുഡീഷ്യൽ കമ്മിഷനുകളും പ്രവർത്തിക്കുന്നയിടമാണ് കൊച്ചി. പലയിടാത്തായി ചിതറിക്കിടക്കുന്ന ഈ നീതിന്യായ സംവിധാനങ്ങളെയെല്ലാം ഉൾക്കൊള്ളാൻ നിലവിലെ ഹൈക്കോടതി മന്ദിരത്തിന് സാധിക്കും.
ട്രൈബ്യൂണലുകളും സ്ഥലപരിമിതിയിലും കാലപ്പഴക്കത്തിലും വീർപ്പുമുട്ടുന്ന ലോവർ കോടതികളും ഓഫീസുകളും ഇവിടേയ്ക്ക് മാറ്റിസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ.
ആശങ്കയോടെ അഭിഭാഷകർ
ഹൈക്കോടതിയുടെ സാന്നിദ്ധ്യം കണക്കിലെടുത്ത് ആയിരത്തിലേറെ അഭിഭാഷക ഓഫീസുകൾ പരിസരത്തുണ്ട്. ചെറിയ ഒറ്റമുറി ഓഫീസ് മുതൽ ലിഫ്റ്റും വലിയ സംവിധാനങ്ങളുമുള്ള ബഹുനില ഓഫീസുകളും ഇവയിലുൾപ്പെടുന്നു. മറ്റുജില്ലകളിൽ നിന്നെത്തി എറണകുളം നഗരപ്രദേശത്ത് താമസമാക്കിയ നൂറുകണക്കിന് അഭിഭാഷകരുമുണ്ട്. ആസ്ഥാന മാറ്റത്തെ ആശങ്കയോടെയാണ് ഇവരിൽ ഏറെപ്പേരും കാണുന്നത്.
15 കിലോമീറ്റർ ദൂരം
നിലവിലെ ഹൈക്കോടതിയിൽ നിന്ന് ജുഡീഷ്യൽ സിറ്റിയിലേക്ക് 15 കിലോമീറ്റർ ദൂരമുണ്ട്. പാലാരിവട്ടത്തെയും ഇടപ്പള്ളിയിലെയും ട്രാഫിക് തടസങ്ങൾ മറികടന്ന് കളമശേരിയിലെത്താൻ തിരക്കുള്ളപ്പോൾ മണിക്കൂറുകളോളമെടുക്കും. ഹൈക്കോടതി പരിസരത്ത് വലിയ മുതൽ മുടക്കിൽ ഓഫീസുകൾ സ്ഥാപിച്ച അഭിഭാഷകർക്ക് നഷ്ടം വരുന്ന തീരുമാനമെന്ന് വാദമുണ്ട്. അഭിഭാഷക സംഘടനകളുമായി വേണ്ടത്ര ചർച്ച നടത്തിയില്ലെന്നും പരാതി.
നഗരത്തിന്റെ ജീവനാഡി കളമശേരിയിലേക്ക്
എറണാകുളം നഗരത്തിന്റെ ജീവനാഡികളിലൊന്നാണ് ഹൈക്കോടതി. പതിനായിരത്തോളം അഭിഭാഷകർ. അവരുടെ സഹായികൾ, ക്ളർക്കുമാർ, ഹൈക്കോടതിയിലെ 1500 ഓളം ജീവനക്കാർ. ജഡ്ജിമാരുടെ വസതികൾ, അവിടുത്തെ ജീവനക്കാർ തുടങ്ങി ആയിരക്കണക്കിന് പേരെ ബാധിക്കും. ദിവസവുമെത്തുന്ന ആയിരക്കണക്കിന് കക്ഷികൾ, അവരുടെ സഞ്ചാരം, മറ്റ് സൗകര്യങ്ങൾ തുടങ്ങി എറണാകുളം നഗരത്തെ സജീവമായി നിറുത്തുന്ന ഘടകമാണ് കളമശേരിയിലേക്ക് മാറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |