വഞ്ചിയൂർ ബാബുവിനെ ഒന്നാം പ്രതിയാക്കി കേസ്
തിരുവനന്തപുരം: വഞ്ചിയൂർ അമ്പലത്തുമുക്കിലെ എക്സൈസ് ഓഫീസും ഫാർമസ്യൂട്ടിക്കൽ സ്ഥാപനവും തല്ലിത്തകർത്തെന്ന പരാതിയിൽ സി.പി.എം നേതാക്കൾതിരെ കേസ്.സംഭവത്തിൽ പ്രാദേശിക സി.പി.എം നേതാവും അഭിഭാഷകനുമടക്കം 17 പേരെ പ്രതികളാക്കി കേസെടുത്തു.സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറി വഞ്ചിയൂർ ബാബുവാണ് ഒന്നാം പ്രതി.അഡ്വ.അനന്തു സുരേഷ് എന്നിവരും കണ്ടാലറിയുന്ന 15 പേർക്കെതിരെയാണ് കേസ്
ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന എക്സൈസ് ഓഫീസാണ് ഒരു സംഘമാളുകൾ ആക്രമിച്ചു തകർത്തത്.ഫാർമസ്യൂട്ടിക്കൽസിലെയും എക്സൈസ് ഓഫീസിലെയും ഉപകരണങ്ങൾ തകർത്ത വകയിൽ കോടികളുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു.
വഞ്ചിയൂർ - പേട്ട റോഡിൽ പ്രവർത്തിക്കുന്ന സ്ഥാപനം ശനിയാഴ്ച ചിലർ കൈയേറി നശിപ്പിച്ചെന്നാണ് സ്ഥാപനത്തിന്റെ ഉടമസ്ഥരായ സൗത്ത് പാർക്ക് ഗ്രൂപ്പിന്റെ പരാതിയിൽ പറയുന്നത്.തമിഴ്നാട് സ്വദേശിയായ നാഗപ്പൻ ചെട്ടിയാർ ഉൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വർഷങ്ങളായുള്ള വാടകക്കരാറിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.ശനിയാഴ്ച രാവിലെ ആദ്യം സംഘർഷമുണ്ടായെങ്കിലും ഉടമകളെത്തിയതോടെ പിന്മാറി.സംഭവത്തിൽ സി.പി.എം ജില്ലാനേതൃത്വവും ഇടപെട്ടിരുന്നു. എന്നാൽ വൈകിട്ട് കൂടുതലാളുകളുമായി വീണ്ടുമെത്തി സ്ഥാപനവും എക്സൈസ് ഓഫീസും ആക്രമിക്കുകയായിരുന്നു.
ഫാർമസ്യൂട്ടിക്കൽ ഉത്പന്ന നിർമ്മാണത്തിനായി സ്പിരിറ്റ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ സൂക്ഷിക്കുന്നത് എക്‌സൈസാണ്. സ്പിരിറ്റും രാസവസ്തുക്കളും സൂക്ഷിച്ചിരുന്നവയ്ക്കും കേടുപാടുണ്ടാക്കിയെന്നാണ് എക്‌സൈസിന്റെ പരാതി. എക്‌സൈസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് ആക്രമണമറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |