കൊച്ചി: കൊച്ചി നഗരം ഇടപ്പള്ളിയിലേക്കും അവിടെ നിന്ന് കളമശേരിയിലേക്ക് വ്യാപിക്കുന്നതിന്റെ പ്രധാനഘടകമാകും ജുഡീഷ്യൽ സിറ്റിയുടെ വരവ്. രണ്ട് പതിറ്റാണ്ടു മുമ്പ് ആർക്കും വേണ്ടാതെ കിടന്ന ആൾതാമസം കുറഞ്ഞ മേഖലയായിരുന്നു എച്ച്.എം.ടിയും എൻ.എ.ഡിയും ഉൾപ്പെടുന്ന പ്രദേശം. സീപോർട്ട് - എയർപോർട്ട് റോഡിന്റെ വരവോടെ തലവര മാറി. സീപോർട്ട് റോഡ് നേരെ ആലുവയിലേക്ക് തിരിച്ചുവിടുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. എറണാകുളം മെഡിക്കൽ കോളേജും ദേശീയ നിയമസർവകലാശാലയും ജുഡീഷ്യൽ സിറ്റിക്ക് സമീപമാണ്. കൊച്ചി യൂണിവേഴ്സിറ്റിയിലേക്ക് ജില്ലാ ആസ്ഥാനത്തേക്കും എത്താൻ മിനിറ്റുകൾ മതിയാകും. കളമശേരി റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളും മൂന്ന് ദേശീയപാതകളും വിളിച്ചാൽ കേൾക്കുന്ന ദൂരത്തുണ്ട്. കളമശേരി, എൻ.എ.ഡി, എച്ച്. എം.ടി മേഖലയിലെ ഭൂമി വില മൂന്നും നാലും ഇരട്ടിയായി കഴിഞ്ഞു.
എൻ.ഐ.എയുടെ ദക്ഷിണമേഖലാ ഓഫീസ് സീപോർട്ട് റോഡരികിൽ ഉദ്ഘാടനം ചെയ്തത് ഒരു വർഷം മുമ്പാണ്. കിൻഫ്ര പാർക്ക്, ഗ്യാസ് അതോറിട്ടി റീജിയണൽ ഓഫീസ്, സെന്റ് പോൾസ് കോളേജ്, ഗവ. പോളിടെക്നിക്കുകൾ, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയും ഇതേ റോഡിൽ തന്നെയാണ്. അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്ക് ജുഡീഷ്യൽ സിറ്റിക്ക് സമീപം തന്നെ പണി പുരോഗമിക്കുന്നുണ്ട്.
രാംമോഹൻ പാലസിൽ തുടക്കം
കൊച്ചി രാജാവിന്റെ രാംമോഹൻ പാലസിൽ 1956ലാണ് കേരള ഹൈക്കോടതി പ്രവർത്തനം തുടങ്ങിയത്. 2006ൽ ഇപ്പോഴത്തെ മന്ദിരത്തിലേക്ക് മാറി. പൈതൃകമന്ദിരമായ റാം മോഹൻ പാലസ് ഇപ്പോൾ ജുഡീഷ്യൽ അക്കാഡമിയാണ്. മറൈൻ ഡ്രൈവിന് സമീപത്തെ പുതിയ ഹൈക്കോടതി മന്ദിരം അസൗകര്യങ്ങളുടെ കൂടാരം കൂടിയാണ്. പാർക്കിംഗാണ് ഏറ്റവും വലിയ തലവേദന. അതിലുപരി പത്തുനില ഹൈക്കോടതി മന്ദിരം ബലക്ഷയം നേരിടുന്നുണ്ട്.
''പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി ജുഡീഷ്യൽ സംവിധാനത്തെ നവീകരിക്കുകയാണ് കേരളം. ഇക്കാര്യത്തിലും നാം മുന്നിൽ സഞ്ചരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ജുഡീഷ്യൽ സിറ്റി. നിയമരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായി ജുഡീഷ്യൽ സിറ്റി മാറും. ഹൈക്കോടതി മന്ദിരത്തിന്റെ വിപുലീകരണത്തിന് പ്രായോഗികമായ മാർഗമാണിത്. ഗതാഗത സൗകര്യവും ഭാവിയിലെ വികസനാവശ്യങ്ങളും കണക്കിലെടുത്താൽ ഏറ്റവും അനുയോജ്യമായ തീരുമാനം.""
- പി.രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |