തൃശൂർ: കാട്ടുതീയിൽ വെന്തുവെണ്ണീറായ ചെമ്പിക്കുന്ന് കാടിന്റെ പുനരുജ്ജീവനം പാഠവും മാതൃകയും. സ്വാഭാവിക വനവത്കരണത്തിലൂടെയാണ് വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് മേഖലയിലുള്ള ചെമ്പിക്കുന്ന് ഹരിതാഭമായത്. ഇതിലൂടെ മനുഷ്യ വന്യജീവി സംഘർഷം കുറഞ്ഞു. വനമേഖലയുടെ പരിസരപ്രദേശങ്ങൾ ജലസമൃദ്ധമായി. വനം വന്യജീവി വകുപ്പ് 500 ഹെക്ടർ വിസ്തൃതിയിലാണ് പുനരുജ്ജീവനം തുടങ്ങിയത്. 700 ഹെക്ടറോളം വനമാണ് ഇതുവരെ തിരിച്ചുപിടിച്ചത്. 2020ലാണ് വനം പുനഃസ്ഥാപനം ആരംഭിച്ചത്. 2021 മുതൽ വർഷം ശരാശരി 100 ഹെക്ടറിലേറെ പുനരുജ്ജീവിപ്പിക്കുന്നുണ്ട്.
പൾപ്പ് ഉത്പാദനത്തിനായി പാട്ടത്തിന് നൽകിയ മരങ്ങൾ വെട്ടിമാറ്റിയശേഷം തരിശായി കിടന്നിരുന്ന ഭൂമിയിൽ കളവ്യാപനവും തീപിടിത്തവും പതിവായിരുന്നു. ചെമ്പിക്കുന്നിനടുത്ത് കൊറ്റമ്പത്തൂരിൽ തീ അണയ്ക്കുന്നതിനിടെ, വനം വകുപ്പിലെ മൂന്ന് ജീവനക്കാർ 2020 ഫെബ്രുവരി 16ന് രാത്രി വെന്തുമരിച്ചിരുന്നു.
ശാസ്ത്രീയ പരിശോധനകളിൽ വേരുറച്ചു
ചെമ്പിക്കുന്ന് വനത്തിൽ പൊഴിയുന്ന ഇലകൾ ദ്രവിക്കാനെടുക്കുന്ന സമയം, മണ്ണിലെ ജൈവാംശം കൂടാനെടുക്കുന്ന കാലം എന്നിവ കണ്ടെത്താൻ ഡീ കമ്പോസിഷൻ ട്രാപ്പ് സ്ഥാപിച്ചു. മണ്ണിന്റെ സ്വഭാവവും അടുത്ത സ്വാഭാവിക വനങ്ങളും പരിശോധിച്ചാണ് സസ്യങ്ങൾ നട്ടു പിടിപ്പിക്കുക. വന്യജീവികൾ വരുന്ന ഇടമാണെങ്കിൽ അതിന് യോജിച്ച മരം വളർത്തണം. ആദിവാസി വിഭാഗങ്ങൾ വനവിഭവങ്ങൾക്ക് ആശ്രയിക്കുന്ന സ്ഥലമാണെങ്കിൽ അതും പരിഗണിക്കും. സംരക്ഷിത വനമാണ് ലക്ഷ്യമെങ്കിൽ അതിന് യോജിച്ചവ വളർത്തും. കഴിഞ്ഞദിവസം വനഗവേഷണ കേന്ദ്രത്തിലെ അന്താരാഷ്ട്ര ശിൽപ്പശാല പാഠമാക്കിയതും ചെമ്പിക്കുന്നിനെയായിരുന്നു.
ചെമ്പിക്കുന്നിലെ വനവത്കരണം (ഹെക്ടറിൽ)
2020 - 13.74
2021 - 130.4
2022 - 178
2023 - 115.85
2024 - 219.58
നട്ടുപിടിപ്പിച്ചത്
വാക, താന്നി, നെല്ലി, വേങ്ങ, കരിമരുത്, നീർമരുത്, ഞാവൽ, പ്ലാവ്.
വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയമായി നടപ്പാക്കാൻ വനഗവേഷണ കേന്ദ്രത്തിന്റെ അന്താരാഷ്ട്ര ശില്പശാലകൾ സഹായകമാകും.
-ഡോ. കണ്ണൻ സി.എസ്.വാര്യർ,
ഡയറക്ടർ, കെ.എഫ്.ആർ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |