പുനലൂർ: പിറവന്തൂർ പഞ്ചായത്തിലെ മുക്കടവ് ആളുകേറാ മലയിലെ റബർ തോട്ടത്തിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം.വലത് നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
തലയ്ക്ക് പരിക്കുണ്ട്.ഇടത് കാലിന് സ്വാധീനക്കുറവുള്ളയാളാണെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചു. വിശദപരിശോധനയ്ക്കായി ശരീരഭാഗങ്ങൾ അയച്ചിട്ടുണ്ട്.ശരീരമാസകലം പൊള്ളലേറ്റിറ്റുണ്ട്. മൃതദേഹത്തിന് ഏകദേശം 12 ദിവസത്തെ പഴക്കമുണ്ട്. കൊലപാതകത്തിൽ ഒന്നിലേറെ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു.പൂർണമായും കത്തിക്കാനായിരുന്നു ശ്രമം.നടക്കാത്തതിനാൽ കൊലപാതക സംഘം കടന്നുകളഞ്ഞതാകാമെന്നും കരുതുന്നു.
പുനലൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും സമീപനാളിൽ കാണാതായ പുരുഷൻമരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.ഒരു ട്രാൻസ്ജെൻഡറെ കാണാതായിട്ടുണ്ട്.എന്നാൽ മൃതദേഹം ലിംഗമാറ്റ ശസ്ത്രക്രിയ നടത്താത്ത ട്രാൻസ്ജെൻഡറുടേതാണോയെന്ന് പോസ്റ്റ് മോർട്ടത്തിൽ സ്ഥിരീകരിക്കാനായിട്ടില്ല.ദൂരെസ്ഥലത്ത് നിന്ന് ഇവിടെയെത്തിച്ച് കൊലപ്പെടുത്തിയതാകാമെന്ന സംശയവുമുണ്ട്. മൃതദേഹം ബന്ധിപ്പിച്ചിരുന്ന ചങ്ങല വളർത്തു നായ്ക്കളെ കെട്ടാൻ ഉപയോഗിക്കുന്നതല്ല. ചങ്ങലയുടെ കണ്ണികൾ തമ്മിൽ നാല് സെന്റി മീറ്ററോളം അകലവും കനവും ഉണ്ട്. ആനയുടെ ഇടച്ചങ്ങലയായി ഉപയോഗിക്കുന്നതെന്ന സംശയമുണ്ട്. ചൊവ്വാഴ്ചയാണ് അഴുകിയ നിലയിൽ കൈകാലുകൾ ഇരുമ്പ് ചങ്ങലയിൽ ബന്ധിച്ച രീതിയിൽ മൃതദേഹം കണ്ടെത്തിയത്. വിരലടയാള വിദഗ്ദ്ധർ, മെറ്റൽ ഡിറ്റക്ടർ സംഘം, ഫോറൻസിക് സംഘം എന്നിവർ തെളിവുകൾ ശേഖരിച്ചു.പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നാണ് സൂചന.
കൊട്ടാരക്കര ഡിവൈ.എസ്.പി ബിജോയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കൊട്ടാരക്കര റൂറൽ എസ്.പി ടി.കെ.വിഷ്ണു പ്രദീപ് ഇന്നലെ വൈകിട്ട് സ്ഥലം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |