ആലപ്പുഴ: കുട്ടനാട്ടിൽ കഴിഞ്ഞ മൂന്നുദിവസമായി മുടങ്ങിയ വാതിൽപ്പടി റേഷൻ വിതരണം ഇന്ന് പുനരാരംഭിക്കും. കരാറുകാരും ക്ഷേമനിധി ബോർഡും തമ്മിലുള്ള തർക്കങ്ങളെത്തുടർന്നാണ് ചരക്കുനീക്കം മുടങ്ങിയത്. വാതിൽപ്പടി സേവനം മുടങ്ങിയെങ്കിലും കടകളിൽ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ റേഷൻവിതരണത്തെ ബാധിച്ചിരുന്നില്ല. എന്നാൽ തർക്കം തുടർന്നിരുന്നെങ്കിൽ ഒക്ടോബർ മാസത്തിലെ റേഷൻ വിതരണത്തെ സാരമായി ബാധിക്കുമെന്നിരിക്കെ, ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസറും കളക്ടർ അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു. ഇതിനിടെ നിലവിലെ കരാറുകാരന്റെ കാലാവധി അവസാനിക്കുകയും ചെയ്തു. ഇതോടെ പുതിയ കരാറിനുള്ള നടപടികളായി.
എഫ്.സി.ഐ ഗോഡൗണിൽ നിന്നുള്ള സ്റ്രോക്ക് എടുക്കലും ഇന്ന് ആരംഭിക്കും. മുമ്പും പലതവണ കുട്ടനാട്ടിൽ തർക്കംമൂലം റേഷൻ വിതരണം മുടങ്ങിയിരുന്നു.
പുതിയ കരാറുകാരനായി
തർക്കം തുടരുന്ന സമയത്ത് തന്നെ നിലവിലെ കരാറുകാരന്റെ കാലാവധി അവസാനിച്ചിരുന്നു
തുടർന്ന് ടെൻഡർ വേഗത്തിലാക്കുകയും പുതിയ കരാറുകാരനെ തിരഞ്ഞെടുക്കുകയും ചെയ്തു
വാതിൽപ്പടി സേവനം മുടങ്ങിയതോടെ കോമ്പോ സംവിധാനത്തിലാണ് താലൂക്കിൽ റേഷൻവിതരണം നടത്തിയിരുന്നത്
ഒരുകടയിൽ മാത്രമായിരുന്നു സ്റ്റോക്ക് കുറവുണ്ടായിരുന്നത്. ഇത് ഇടപെടലുകളിലൂടെ പരിഹരിച്ചതായി അധികൃതർ
കുട്ടനാട്ടിൽ
റേഷൻകടകൾ- 115
കാർഡുകൾ- 53315
ഗുണഭോക്താക്കൾ- 206910
കുട്ടനാട്ടിൽ വാതിൽപടി വിതരണത്തിനുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ അടിയന്തര പരിഹാരം കാണണം. ക്ഷേമനിധി ബോർഡുമായുള്ള തർക്കങ്ങൾ പരിഹരിക്കണം. എങ്കിൽ മാത്രമെ റേഷൻ വിതരണം സുഗമമാകു.
എൻ.ഷിജീർ
ജനറൽ സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |