*വളവുകളിൽ സംരക്ഷണവേലികളില്ല
*കാടുമൂടി സിഗ്നൽ ലൈറ്റുകൾ
വട്ടപ്പാറ: അപകടത്തുരുത്തായി മണ്ണന്തല മുതൽ വട്ടപ്പാറ വരെയുള്ള റോഡിലെ വളവുകൾ. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ചിറ്റാഴ മുതൽ വെമ്പായം വരെയുള്ള വളവുകളിലുണ്ടായത്. കഴിഞ്ഞ ദിവസം മരുതൂർ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിമുട്ടി ഇരുപതോളം പേർക്ക് പരിക്കുപറ്റി. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽ നിന്നും പുറത്തെടുത്തത്.
എം.സി റോഡിന്റെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വീതികുറഞ്ഞ ഭാഗമാണ് മരുതൂർ മുതൽ വെമ്പായം വരെയുള്ളത്. ഇവിടങ്ങളിൽ അപകടം നടക്കാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായി കുത്തനെയുള്ള വളവുകളായതിനാൽ മിക്കപ്പോഴും വാഹനങ്ങൾ നിയന്ത്രണം തെറ്റി റോഡിന്റെ മറുവശത്തെ വാഹനങ്ങളിലിടിച്ച് അപകടങ്ങളുണ്ടാകുന്നു. കൂടാതെ റോഡിന്റെ ഒരുവശം താഴ്ചയുള്ള കുഴിയാണ്. കണ്ണുതെറ്റിയാൽ താഴെ കുഴിയിലേക്ക് വീഴുമെന്നതാണ് അവസ്ഥ. സ്ഥിരമായി അപകടം നടക്കുന്ന കണക്കോട് തണ്ണിപ്പാറ വളവിലുൾപ്പെടെ സംരക്ഷണ വേലികളില്ലാത്തതും അപകടങ്ങളുടെ ആക്കം കൂട്ടും.
ശ്രദ്ധ തെറ്റിയാൽ അപകടം
റോഡിന്റെ വളവുകളെക്കുറിച്ച് അറിവില്ലാതെയെത്തുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പെടെയുള്ള ദീർഘദൂര യാത്രക്കാരാണ് മിക്കപ്പോഴും അപകടങ്ങളിൽപ്പെടുന്നത്. അപകടം തുടർക്കഥയായതോടെ റോഡിന്റെ ഇരുവശങ്ങളിലും അപകടസാദ്ധ്യതാ മുന്നറിയിപ്പ് ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിച്ചിരുന്നു. എന്നാൽ അവയെല്ലാം ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |