തൃശൂർ: എൻ.എൻ.എസ് വാളണ്ടിയർമാരെ വൃദ്ധസദനങ്ങളുമായി സംയോജിപ്പിച്ച് നടപ്പിലാക്കിയ 'തിരികെ' പദ്ധതിയും വയോജനങ്ങളെ ചേർത്തു പിടിച്ച ' കൂടെ ' പദ്ധതിയും അംഗീകാരത്തിന്റെ നിറവിൽ.
ഇന്നലെ പ്രഖ്യാപിച്ച വയോ അവാർഡിൽ തൃശൂർ മെയിന്റൻസ് ആൻഡ് ട്രൈബ്യുണൽ വയോജനങ്ങളുടെ ക്ഷേമത്തിന് മികവാർന്ന പ്രവർത്തനത്തിനാണ് അവാർഡ്. അര ലക്ഷം രൂപയാണ് പുരസ്‌കാരം. വൃദ്ധസദനങ്ങളിലെ വയോജനങ്ങളുടെ ക്ഷേമത്തിനും അവർ നേരിടുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹാരമാകാൻ സഹായിക്കുന്നതാണ് പദ്ധതി.
പങ്കാളികളായി വിദ്യാർത്ഥികൾ
' തിരികെ ' പദ്ധതിയിൽ പങ്കാളികളായി കോളേജ് , ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ. കൃത്യമായ ചാർട്ടുകൾ തയ്യാറാക്കിയായിരുന്നു ഇവരുടെ പ്രവർത്തനം.
ഓർഫനേജ് കൺട്രോൾ ബോർഡിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ 116 വൃദ്ധസദനങ്ങളിൽ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അന്തേവാസികളുടെ ഓർമ്മ ക്ഷമത, ഡിജിറ്റൽ സാങ്കേതികവിദ്യാപ്രാവീണ്യം, വിനോദം,പുതിയ തലമുറയുമായുള്ള തുറന്ന സംവാദം എന്നിവ വിദ്യാർത്ഥികൾ ഒരുക്കി.
40 കോളേജുകളും 130 ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് അംഗങ്ങളുമാണ് പങ്കാളികളായത്.
അദാലത്തുകളിലൂടെ വയോജന കരുതൽ
വയോജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ അഞ്ഞൂറോളം കേസുകളാണ് കഴിഞ്ഞ ഇരുപത് മാസത്തിനുള്ളിൽ മെയിന്റൻസ് ആൻഡ് ട്രൈബ്യുണലിലേക്ക് മാത്രം എത്തിയത്. പരാതിയിൽ എല്ലാവരുടെയും മൊഴിയെടുത്തും എതിർകക്ഷികളെ വിളിച്ചു വരുത്തി കോടതികളെ പോലെ വിസ്തരിച്ചുമാണ് തീർപ്പ് കൽപ്പിക്കുന്നത്. തൃശൂർ സബ് കളക്ടർ അഖിൽ വി.മേനോന്റെയും ടെക്‌നിക്കൽ അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
മെയിന്റൻസ് ആന്റ് ട്രൈബ്യുണലിൽ വന്ന പരാതികൾ
2024 ജനുവരി മുതൽ ഡിസംബർ 31 വരെ
രജിസ്റ്റർ ചെയ്ത പരാതികൾ - 286
തീർപ്പാക്കിയത്- 231
തള്ളിയത് -9
അദാലത്തുകൾ - 5
പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത് -12
ബോധവത്ക്കരണ ക്ലാസുകൾ - 22
2025 ജനുവരി 1 മുതൽ ജൂലായ് 31 വരെ
രജിസ്റ്റർ ചെയ്ത കേസുകൾ- 189
പരിഹരിച്ചവ -185
പുനരധിവാസം ഏർപ്പെടുത്തിയത് - 9
അദാലത്ത് - 4
ബോധവത്കരണ ക്ലാസ് - 10
വാർദ്ധക്യം എല്ലാവരുടെയും ജീവിതത്തിലെ ഒരു യാഥാർത്ഥ്യമാണ്. ആ കാലഘട്ടം ആത്മാഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിച്ചു തീർക്കാൻ മുതിർന്ന പൗരന്മാരെ സഹായിക്കുക എന്നതാണ് ട്രിബ്യൂണലിന്റെ ലക്ഷ്യം.
അഖിൽ വി. മേനോൻ
തൃശൂർ സബ് കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |