കണ്ണൂർ: ജില്ലാ പൊലീസ് ആസ്ഥാനത്ത് കയറി സുഹൃദ് സംഘം യുവതിക്ക് പിറന്നാൾ ആഘോഷം നടത്തിയത് വിവാദമായി. ദൃശ്യങ്ങൾ വൈറലായതോടെയാണ് പൊലീസ് അറിഞ്ഞത്. കേസെടുത്തതോടെ ദൃശ്യങ്ങൾ പിൻവലിച്ച് തടിതപ്പാൻ നാേക്കിയെങ്കിലും പ്രതികളായ യുവതിയെയും നാലു യുവാക്കളെയും തിരിച്ചറിഞ്ഞു. ടൗണിലെ ഫ്ളാറ്റിൽ താമസിക്കുന്ന ബിസിനസുകാരാണ് യുവാക്കൾ.
നിങ്ങളുടെ വാഹനം ഇടിച്ച് ഒരാൾക്ക് മരണം സംഭവിച്ചെന്നും അത് സെറ്റിൽ ചെയ്യാനായി സ്റ്റേഷനിൽ എത്തണമെന്നും യുവാക്കൾ യുവതിയോട് ഫോണിൽ പറയുന്നതു കേൾക്കാം.
പിന്നാലെ ഇവർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനത്തിൽ എത്തി അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ അനുമതി വാങ്ങിയ ശേഷം പൊലീസ് ആസ്ഥാന വളപ്പിലേക്ക് കടന്നു. രണ്ടുപേർ കേക്കുമായി പൊലീസ് വാഹനം മറയാക്കി നിന്നു. മറ്റ് സുഹൃത്തുക്കൾക്കൊപ്പംവന്ന യുവതിക്ക് മുന്നിലേക്ക് ഓടിയെത്തിയ ഇവർ പിറന്നാൾ ആശംസ നേരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോംബ് സ്‌ക്വാഡിന്റെ വാഹനത്തിന്റെ മുന്നിൽ നിന്ന് ഫോട്ടോയെടുത്തു. അവിടെവച്ച് കേക്ക് മുറിച്ച് ആഘോഷം നടത്തിയശേഷമാണ് മടങ്ങിയത്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ റീൽസാക്കുകയായിരുന്നു. ഈ മാസം 16നായിരുന്നു പിറന്നാളാഘോഷം.
സുരക്ഷാവീഴ്ചയിൽ അന്വേഷണം
ജില്ലാ പൊലീസ് ആസ്ഥാന വളപ്പിൽ അതിക്രമിച്ച് കയറി നടത്തിയ പിറന്നാളാഘോഷത്തിൽ സുരക്ഷാവീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തൽ. വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. സായുധ പൊലീസ് കാവലുണ്ടായിട്ടും സംഭവം ഇത്രയും ദിവസം ശ്രദ്ധയിൽപ്പെട്ടില്ലെന്നതും ഗൗരവമായി എടുത്തിട്ടുണ്ട്.സേനയുടെ അന്തസ്സിന് കളങ്കം വരുത്തിയതിനാണ് പ്രതികൾക്കെതിരെ കേസ്. ടൗൺ എസ്.ഐ വി.വി ദീപ്തിയാണ് അന്വേഷണ ഉദ്യോഗസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |