അന്തിക്കാട് : മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ആറ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവും ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ വില വരുന്ന വെള്ളിക്കുടവും മോഷണം പോയി. ശ്രീകോവിലിന്റെ വാതിലും മോഷ്ടാവ് കുത്തിത്തുറന്നു. ഇന്നലെ രാവിലെ ക്ഷേത്രം തുറക്കാനെത്തിയ മേൽശാന്തി മോഹൻ ഉപാദ്ധ്യായയാണ് മോഷണ വിവരം ആദ്യം അറിയുന്നത്. ശ്രീകോവിൽ പൂട്ട് തകർത്ത നിലയിലായിരുന്നു. തിരുവാഭരണങ്ങൾ ലോക്കറിലായതിനാൽ അവ നഷ്ടപ്പെട്ടില്ല. ശ്രീകോവിലിന് മുന്നിലുള്ള ഭണ്ഡാരം, അതിനു സമീപമുള്ള ഗണപതി പ്രതിഷ്ഠയ്ക്കു മുന്നിലുള്ള ഭണ്ഡാരം, മറ്റ് നാല് ഭണ്ഡാരങ്ങൾ എന്നിവ കുത്തിത്തുറന്ന് പണം കവർന്നു. ചില്ലറ നാണയങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. ക്ഷേത്രത്തിന് മുന്നിലുള്ള വഴിപാട് കൗണ്ടറിന്റെ പൂട്ട് കുത്തിത്തുറന്ന മോഷ്ടാവ് ഉള്ളിൽ സൂക്ഷിച്ച താക്കോൽ എടുത്ത് ക്ഷേത്രം ഓഫീസ് തുറന്ന് അവിടെ ഉണ്ടായിരുന്ന മുപ്പതിനായിരം രൂപ വിലവരുന്ന വെള്ളിക്കുടം കവർന്നു. മറ്റു സാധനങ്ങൾ ഒന്നും എടുത്തിട്ടില്ല. ക്ഷേത്രം പ്രസിഡന്റ് ഷെല്ലി കല്ലാറ്റ്, സെക്രട്ടറി ജയൻ മുത്തേടത്ത് തുടങ്ങിയവർ വിവരമറിഞ്ഞെത്തി. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |