ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ ഇന്ന് ലങ്കയെ നേരിടുന്നു
ഇന്ത്യ ഫൈനലിലെത്തിയതിനാൽ മത്സരഫലം അപ്രസക്തം
ടീം ലൈനപ്പിലെ പരീക്ഷണങ്ങൾ തുടരാൻ സാദ്ധ്യത
ദുബായ് : ഏഷ്യാകപ്പിലെ സൂപ്പർ ഫോർ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഫൈനലിലും ആദ്യ രണ്ടിലും തോറ്റ ലങ്ക പുറത്തും ആയതിനാൽ ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. എന്നാൽ ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുമ്പുള്ള പരിശീലനത്തിനുള്ള അവസരമാണ് ഇന്ത്യയ്ക്കിത്.
ബാറ്റിംഗിലും ബൗളിംഗിലും കോച്ച് ഗൗതം ഗംഭീറും ക്യാപ്ടൻ സൂര്യകുമാർ യാദവും നടത്തുന്ന പരീക്ഷണങ്ങൾ ഇന്നും തുടരുമോ ഫൈനലിനുള്ള ടീമിനെ തന്നെ കളിപ്പിക്കുമോ എന്നാണ് ഇന്ത്യൻ ആരാധകർക്ക് അറിയേണ്ടത്. ഇന്ത്യ പ്രധാനമായും നടത്തിയ പരീക്ഷണങ്ങൾ മലയാളി താരം സഞ്ജുവിന്റെ നെഞ്ചത്തായിരുന്നു. ആദ്യരണ്ട് കളികളിൽ ബാറ്റിംഗിന് അവസരം കിട്ടാതിരുന്ന സഞ്ജു മൂന്നാം മത്സരത്തിൽ ഫസ്റ്റ്ഡൗണായിറങ്ങി അർദ്ധസെഞ്ച്വറി നേടി. അടുത്ത മത്സരത്തിൽ അഞ്ചാമനാകേണ്ടിവന്നു. കഴിഞ്ഞദിവസം നടന്ന ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ഏഴാമനായിപ്പോലും ഇറങ്ങാൻ ആവാതെ ബെഞ്ചിലിരിക്കേണ്ടിവന്നു. ശിവം ദുബെയ്ക്കും അക്ഷർ പട്ടേലിനുമൊക്കെ സ്ഥാനക്കയറ്റം നൽകിയാണ് സഞ്ജുവിനെ വെയ്റ്റ് ചെയ്യിപ്പിച്ചത്.
ചോർച്ചയാണ് ചർച്ച
സൂപ്പർ ഫോറിലെ അവസാന മത്സരത്തിനിറങ്ങുമ്പോൾ ചർച്ചയാകുന്നത് ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗിലെ ചോർച്ചകളാണ്. ടൂർണമെന്റിൽ ഇതുവരെ ഇന്ത്യൻ താരങ്ങൾ കൈവിട്ടത് 12ക്യാച്ചുകളാണ്. കുഞ്ഞൻ ടീമായ ഹോംഗ്കോംഗ് പോലും 11ക്യാച്ചുകളേ മിസാക്കിയിട്ടുള്ളൂ. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ നാലുക്യാച്ചുകൾ കളഞ്ഞിരുന്നു. അപ്പോൾ ഫീൽഡിംഗ് കോച്ച് കളിക്കാരെ 'വിരട്ടു"മെന്ന് സൂര്യകുമാർ പാതിതമാശയായി പറഞ്ഞിരുന്നു. വിരട്ടും വിലപേശലുമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല ബംഗ്ളാദേശിനെതിരെ അതിലേറെ ക്യാച്ചുകൾ കൈവിടുകയും ചെയ്തു.അർദ്ധസെഞ്ച്വറി നേടിയ സെയ്ഫ് ഹസന് മാത്രം നാല് ലൈഫാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |