ഗുരുഗ്രാം: കാറിന്റെ നമ്പർ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തി ഇൻസ്റ്റാഗ്രാമിൽ പിന്തുടർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. ഗുരുഗ്രാമിൽ നിന്നുള്ള സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ ശിവാംഗി പെസ്വാനിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കുകയും ചെയ്തു. നമ്മളെ സംരക്ഷിക്കുന്നവരിൽ നിന്ന് സ്ത്രീകൾക്ക് ഭയമുണ്ടാകരുതെന്ന് യുവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ മകനെ ഒരു സ്ഥലതത് കാറിൽ ഇറക്കാൻ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശിവാംഗി. ഇതിനിടെയാണ് തന്റെ ഇൻസ്റ്റാഗ്രാം റീലിന് താഴെ പരിചയമില്ലാത്ത ഒരു അക്കൗണ്ടിൽ നിന്ന് അസ്വാഭാവികമായ ഒരു കമന്റ് വന്നത്. എങ്ങനെയാണ് തന്നെ തിരിച്ചറിഞ്ഞതെന്ന് യുവതി തിരിച്ചു ചോദിച്ചപ്പോൾ, അയാൾ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. തന്റെ കാറിന്റെ നമ്പർ ഉപയോഗിച്ചാണ് വിവരങ്ങൾ കണ്ടെത്തിയതെന്നും, സൗഹൃദം സ്ഥാപിക്കാൻ വേണ്ടിയാണ് ബന്ധപ്പെട്ടതെന്നുമാണ് ഇയാൾ പറഞ്ഞത്.
എന്നാൽ, പിന്നീട് ഫേയ്ക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാൾ നിരന്തരം മെസ്സേജുകൾ അയച്ച് ശല്യം ചെയ്തതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. "ഇതൊരു സാധാരണ ശല്യമല്ല, അപകടം വരുത്തി വയ്ക്കാൻ സാദ്ധ്യതയുള്ള കാര്യമാണ്. കാർ വിവരങ്ങൾ, ലൊക്കേഷൻ, പോകുന്ന വഴികൾ എന്നിവയെല്ലാം ഇയാൾ പിന്തുടർന്നു. പിന്നീട് ഒരു പൊലീസുകാരനാണ് ഫേയ്ക്ക് ഐഡി ഉപയോഗിച്ച് ശല്യം ചെയ്യുന്നതെന്ന് ഇയാൾ തന്നെ സമ്മതിച്ചു. ഇത്തരതിലുള്ള പിന്തുടരലും, ശല്യപ്പെടുത്തലുകളും മറ്റും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതാണെന്ന് ശിവാംഗി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
'നമ്മളെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവർക്ക് മുന്നിൽ സ്ത്രീകൾക്ക് ഒരിക്കലും ഭയം ഉണ്ടാകാൻ പാടില്ല. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പെരുമാറ്റങ്ങൾ തടയാൻ തുറന്നുസംസാരിക്കുക മാത്രമാണ് ഏക വഴി. ഞാൻ പരാതി നൽകിയിട്ടുണ്ട്, പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.'- യുവതി കൂട്ടിച്ചേർത്തു. യുവതിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |