ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെലുങ്ക് സൂപ്പർതാരം
നാഗാർജുനയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യക്തിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് താരം ആവശ്യപ്പെട്ടു. നേരത്തെ ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും ഇതേ കാര്യമുന്നയിച്ച് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി അനുകൂല ഉത്തരവ് നേടിയിരുന്നു. താരങ്ങളുടെ അനുമതിയില്ലാതെയുള്ള പരസ്യങ്ങൾ നീക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നൽകിയ അതേ നിർദ്ദേശം നാഗാർജുനയുടെ ഹർജിയിലും പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് തേജസ് കരിയ സൂചിപ്പിച്ചു.
മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് പ്രിയ
പിതാവിന്റെ സ്വത്തിൽ നിന്ന് വീതം വേണമെന്ന ബോളിവുഡ് നടി കരിഷ്‌മ കപൂറിന്റെ മക്കളുടെ ഹർജിയും ഡൽഹി ഹൈക്കോടതി ഇന്നലെ പരിഗണിച്ചു. അന്തരിച്ച വ്യവസായി സുൻജയ് കപൂറിന്റെ 30,000 കോടിയുടെ സ്വത്തിലാണ് രണ്ടു കുട്ടികളും അവകാശമുന്നയിച്ചത്. സുൻജയ് കപൂറിന്റെ മൂന്നാമത്തെ ഭാര്യയായ പ്രിയ കപൂർ വിൽപത്രത്തിൽ തിരിമറി നടത്തി സ്വത്ത് കൈക്കലാക്കി വച്ചിരിക്കുകയാണെന്നാണ് ആരോപണം. വ്യവസായിയുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് പ്രിയ ഇന്നലെ കോടതിയെ അറിയിച്ചു. വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോരുമെന്നാണ് വാദം. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും. വ്യവസായിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു കരിഷ്‌മ. 2016ൽ ഇരുവരും വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂൺ 12നാണ് വ്യവസായി യു.കെയിൽ അന്തരിച്ചത്. തൊണ്ടയിൽ തേനീച്ച കുത്തിയതിനു പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |