ആലുവ: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളിലൊന്നായ ആലുവ സ്റ്റേഷനിലെ അംഗബല കുറവ് കേസന്വേഷണത്തെ ബാധിക്കുന്നതായി പരാതി. നിലവിലുള്ള ഉദ്യോഗസ്ഥരിൽ പലരും അമിത ജോലിഭാരം മൂലം സ്ഥലം മാറ്റത്തിന് ശ്രമിക്കുകയാണ്.
ആലുവ പൊലീസ് സ്റ്റേഷന്റെ അംഗബലം 80 ആണെങ്കിലും അറ്റാച്ച് ചെയ്ത എട്ട് പേർ ഉൾപ്പെടെ ആകെ 59 പേരാണുള്ളത്. ഇവരിൽ 11 പേരെ എസ്.പി, ഡിവൈ.എസ്.പി, അങ്കമാലി ട്രാഫിക് എന്നിവിടങ്ങളിൽ അറ്റാച്ച് ചെയ്തിരിക്കുകയാണ്. നാല് എസ്.ഐമാർ വേണ്ടിടത്ത് രണ്ട് പേർ മാത്രമാണുള്ളത്. എ.എസ്.ഐമാരുടെ സ്ഥിതിയും ഇതുതന്നെ. ഏഴ് സി.പി.ഒമാരുടെയും രണ്ട് എസ്.സി.പി.ഒമാരുടെയും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു. ഏക വനിത എസ്.ഐയുടെയും കസേര കാലിയാണ്. 12 വനിത സി.പി.ഒമാർ വേണ്ടിടത്ത് മൂന്ന് പേർ മാത്രമുള്ളതാണ്. രണ്ട് ഡ്രൈവർമാരുടെ ഒഴിവുകളുണ്ടെങ്കിലും അറ്റാച്ച് ചെയ്തവരുള്ളതാണ് ആശ്വാസം.
കേസുകൾ കുറഞ്ഞ സ്റ്റേഷനുകളിൽ പോലും ആവശ്യത്തിന് പൊലീസുകാരുള്ളപ്പോഴാണ് ആലുവ സ്റ്റേഷന്റെ ദുർഗതി. ജില്ലാ പൊലീസ് സൂപ്രണ്ടിനോട് സ്റ്റേഷന്റെ അംഗബലം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല.
ഒമ്പത് മാസം, രജിസ്റ്റർ
ചെയ്തത് 2200 കേസുകൾ
2025 ഒമ്പത് മാസം പിന്നിടാറായപ്പോഴേക്കും ആലുവ പൊലീസ് സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്തത് 2200ഓളം കേസുകളാണ്. റൂറൽ ജില്ലയിൽ ഇത്രയേറെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന മറ്റൊരു പൊലീസ് സ്റ്റേഷനില്ല. ഒരോ ഉദ്യോഗസ്ഥന്റെ കൈവശവും 25 മുതൽ 30 വരെ കേസ് ഫയലുകളുണ്ട്. കേസന്വേഷണങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ കഴിയുന്നില്ല. ആലുവയിലേക്ക് മാറ്റം ലഭിച്ചാൽ രാഷ്ട്രീയ സ്വാധീനത്തിൽ മറ്റെവിടേയ്ക്കെങ്കിലും പോകാനാണ് ഉദ്യോഗസ്ഥ ശ്രമം.
പാലസ്, മെട്രോ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, എൻ.എച്ച് എന്നിവയെല്ലാം ആലുവയെ കൂടുതൽ തിരക്കുള്ളതാക്കുന്നു. വിമാനത്താവളത്തിൽ ആലുവ പാലസിലേക്ക് വരുന്ന വി.ഐ.പികളും വി.വി.ഐ.പികളുമെല്ലാം ജോലിഭാരം കൂട്ടുകയാണ്. വിമാനത്താവളത്തിലെ വി.ഐ.പി ഡ്യൂട്ടിക്കായി മാത്രം പ്രത്യേക സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.
എട്ട് മണിക്കൂർ
ജോലിയും നിലച്ചു
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ ജോലി സമയം എട്ട് മണിക്കൂർ വീതം മൂന്ന് ഷിഫ്റ്റുകളാക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി റൂറൽ ജില്ലയിൽ പദ്ധതി നടപ്പാക്കിയ ആദ്യ സ്റ്റേഷനുകൾ ആലുവയും കോട്ടപ്പടിയുമായിരുന്നു. കൊവിഡ് കാലത്തെ പ്രത്യേക ഡ്യൂട്ടിയുടെ പേരിൽ പദ്ധതി നിറുത്തലാക്കിയത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |