കൊച്ചി: എറണാകുളം നഗരത്തിലെ ബാറിൽ തോക്കും വടിവാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നഗരസഭാ കൗൺസിലറെ കൈയേറ്റം ചെയ്ത സംഘത്തിലെ പ്രതികൾ അറസ്റ്റിൽ. കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ അനുയായികളായ പാലക്കാട് ചെർപ്പുളശേരി കുട്ടച്ചിറ മേലേത്തലയ്ക്കൽ വീട്ടിൽ എം.എ. ഷബീർഅലി, കൊല്ലം കൊട്ടാരക്കര വെളിയം ആര്യാഞ്ജലി വീട്ടിൽ എസ്. ആര്യൻ, കടവന്ത്ര പുന്നക്കാട്ട് സെബിൻ സ്റ്റീഫൻ, മുളന്തുരുത്തി അമ്പേലിമല പള്ളിക്ക് സമീപം ബേസിൽ ബാബു എന്നിവരെയാണ് കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേകസംഘം ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി എട്ടോടെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
21ന് രാത്രിയായിരുന്നു ഗുണ്ടാ നേതാവിന്റെ സംഘത്തിലുള്ളവരും കൗൺസിലറും ബാറിൽ ഏറ്റുമുട്ടിയത്. കൗൺസിലർ ബാറിലുണ്ടെന്നറിഞ്ഞാണ് ഗുണ്ടകൾ എത്തിയത്. വാക്കേറ്റം രൂക്ഷമായതോടെ ഗുണ്ടകൾ പുറത്തിറങ്ങി കാറിൽ നിന്ന് തോക്കും മാരകായുധങ്ങളുമായി ബാറിലേക്ക് തിരിച്ചെത്തുകയായിരുന്നു. സംഭവത്തിന് കാറിൽ കടന്ന സംഘം തിരുവനന്തപുരത്തും മധുരയിലുമെത്തിയ ശേഷമാണ് ബംഗളൂരുവിലേക്ക് പോയത്. ഇവർ സഞ്ചരിച്ച കാർ സഹിതമാണ് കസ്റ്റഡിയിലെടുത്തത്. തോക്ക് കണ്ടെത്താനായിട്ടില്ല.
ഗുണ്ടാ നേതാവിന്റെ ഒളിസങ്കേതവും മറ്റുവിവരങ്ങളും കൗൺസിലർ തമിഴ്‌നാട് പൊലീസിന് കൈമാറിയെന്ന സംശയമായിരുന്നു ബാറിലെ കൈയാങ്കളിക്ക് പിന്നിൽ. ഏതാനും നാൾ മുമ്പ് ഒരു കേസിൽ കൗൺസിലറിന്റെ ബന്ധുവിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ ഒളിസങ്കേതം അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത് ഗുണ്ടാനേതാവിന്റെ ഇടപെടലിനെ തുടർന്നായിരുന്നു. ഇതിന് പ്രതികാരമായാണ് തമിഴ്‌നാട് പൊലീസിന് ഗുണ്ടയുടെ വിവരങ്ങൾ കൗൺസിലർ ചോർത്തിയതെന്ന് കരുതുന്നു.
തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത സ്വർണക്കവർച്ച കേസിൽ പ്രതിയായ ഗുണ്ടാ നേതാവ് ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ അടുത്ത അനുയായിയെ അടുത്തിടെ തമിഴ്‌നാട് പൊലീസ് തൃപ്പൂണിത്തുറയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |