തൊടുപുഴ: ധ്യാന കേന്ദ്രത്തിന്റെ മറവിൽ വീട്ടമ്മയിൽ നിന്ന് എട്ടര ലക്ഷത്തോളം രൂപയുടെ സ്വർണം തട്ടിയെടുത്ത സംഘത്തിലെ നാലു പേർ പൊലീസിന്റെ പിടിയിൽ. സർക്കാർ ജീവനക്കാരനും മൂന്നു സ്ത്രീകളുമാണ് തൊടുപുഴ ഡിവൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്. കരിമണ്ണൂർ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66 കാരിയാണ് തട്ടിപ്പിനിരയായത്. പുറപ്പുഴ ടെക്നിക്കൽ ഹൈസ്‌കൂൾ ജീവനക്കാരനായ തൊടുപുഴ കോലാനി പാറക്കടവ് ലക്ഷംവീട് കോളനിയിൽ വിജീഷ് അജയകുമാർ (34), അത്തവീട്ടിൽ സുലോചന ബാബു (44), മകൾ അഞ്ജു ബാബു (29), അഞ്ചപ്ര വീട്ടിൽ ഷാജിദ സി. ഷെരീഫ് (29) എന്നിവരാണ് പിടിയിലായത്. അഞ്ചു തവണയായി 11 പവനോളം സ്വർണമാണ് ഇവർ തട്ടിയെടുത്തത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പാലാ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസുകളുണ്ട്. ലോഷൻ, പപ്പടം, കത്തി എന്നിവ വിൽക്കാനെത്തുന്നവരെന്ന പേരിലാണ് പ്രതികൾ വീടുകളിൽ എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴും വീട്ടമ്മമാരെ സമീപിച്ച് വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പ് നടത്തുന്നത്. വീടിന് ദോഷമുണ്ടെന്നും ഇതു മാറാൻ ആലപ്പുഴയിലെ ധ്യാന കേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തിയാൽ മതിയെന്നുമാണ് തനിച്ച് താമസിക്കുന്ന വീട്ടമ്മയോട് പറഞ്ഞത്. സ്വർണം ധ്യാന കേന്ദ്രത്തിൽ സമർപ്പിച്ച് പ്രാർത്ഥന നടത്തിയാൽ വീടിനും വീട്ടമ്മയ്ക്കുമുള്ള ദോഷം മാറുമെന്ന് വിശ്വസിപ്പിച്ചാണ് പല തവണയായി സ്വർണം കൈക്കലാക്കിയത്.
കഴിഞ്ഞ ദിവസം തട്ടിയെടുത്ത അഞ്ചു പവന്റെ സ്വർണമാല വിജീഷ് തൊടുപുഴയിലെ ജ്വല്ലറിയിൽ 3,80,000 രൂപയ്ക്ക് വിൽപ്പന നടത്തിയെന്ന് പൊലീസ് പറഞ്ഞു. അഞ്ജു ഒരു മോതിരവും മറ്റൊരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയിരുന്നു. രണ്ടിടങ്ങളിലും പ്രതികളുമായി തെളിവെടുപ്പ് നടത്തിയ പൊലീസ് സ്വർണം കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇക്കാര്യത്തിൽ കുടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും. ഇതിന് പുറമെ പ്രതികൾ തട്ടിയെടുത്ത സ്വർണത്തിന്റെ ബാക്കി ഭാഗം കണ്ടെത്താനുമുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബുവിന്റെ നിർദേശാനുസരണം കരിമണ്ണൂർ സി.ഐ വി.സി. വിഷ്ണുകുമാർ, എസ്.ഐ ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ഷംസുദ്ദീൻ, എസ്.സി.പിഒമാരായ ഹരീഷ്, ഷാജഹാൻ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആസൂത്രകൻ
വിജീഷ്
തട്ടിപ്പിന്റെ പ്രധാന ആസൂത്രകനായ ഒന്നാം പ്രതി വിജീഷാണ് വീടുകൾ കണ്ടു വച്ച ശേഷം പ്രതികളായ മറ്റു സ്ത്രീകളെ കാറിൽ ഇവിടെയെത്തിക്കുന്നത്. പിന്നീട് വാഹനത്തിൽ പരിസരത്തു മാറി കാത്തിരിക്കും. തട്ടിപ്പിനു ശേഷം വാഹനത്തിൽ കടക്കുകയാണ് പതിവ്.
സ്വർണം വിൽപ്പന നടത്തുന്ന തുക വിജീഷ് വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. ചാരിറ്റി പ്രവർത്തനം നടത്തിയിരുന്ന വിജീഷ് മുമ്പും ഇത്തരം തട്ടിപ്പുകൾ നടത്തിയതായുള്ള സൂചനകളും പൊലീസിന് ലഭിച്ചു.
തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്
ബന്ധുക്കൾ
വീട്ടമ്മയുടെ സമീപത്ത് തന്നെ താമസിക്കുന്ന ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് വിവരം പുറത്തു വരാനിടയാക്കിയത്. പ്രതികൾ ഇടയ്ക്കിടെ വീട്ടിലെത്തുന്നതും സ്വർണാഭരണങ്ങൾ കാണാതായതുമാണ് സംശയത്തിനിടയാക്കിയത്. ആദ്യം വീട്ടമ്മ വിവരങ്ങളൊന്നും ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെങ്കിലും കൂടുതൽ സ്വർണം പോയതോടെ വിവരം പുറത്തു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കൾ കരിമണ്ണൂർ പൊലീസിൽ പരാതി നൽകി. തുടർന്നാണ് അന്വേഷണത്തിനായി ഡിവൈ.എസ്.പി പ്രത്യേക സംഘത്തെ നിയോഗിച്ചത്. സമീപത്തെ സി.സി ടി.വി ക്യാമറകൾ പരിശോധിച്ച പൊലീസിന് സ്ത്രീകൾ നടന്നു പോകുന്നതിന്റെയും ഇവരെത്തിയ കാറിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. ഈ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കോലാനി ചേരിയ്ക്ക് സമീപം കാറുള്ളതായി മനസിലാക്കിയ പൊലീസ് ഇവിടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |