കണ്ണൂർ: ക്രമസമാധാനം കാത്തുസൂക്ഷിക്കുന്നതിനൊപ്പം കാലിത്തീറ്റ കൃഷിയുടെ സ്ഥലവേട്ടയും കണ്ണൂർ സിറ്റി പൊലീസിന്റെ ചുമതലയായി. തീറ്റപ്പുൽ കൃഷിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈ.എസ്.പിമാർക്കും എ.സി.പിമാർക്കുമാണ് സർക്കുലർ എത്തിയത്. സമൂഹമാദ്ധ്യമങ്ങളിലും പൊലീസ് ഗ്രൂപ്പുകളിലും ഇതിന് പിന്നാലെ ട്രോൾ പ്രവഹിച്ചതോടെ നിർദ്ദേശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മീഷണർ പി.നിധിൻ രാജ് രംഗത്തെത്തി.
ജില്ലയിലെ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ ലഭ്യത പരിശോധിക്കുള്ള നിർദേശം തെറ്റായ ധാരണകളിലേക്ക് നയിച്ചതിൽ ഖേദമുണ്ടെന്ന വാർത്താക്കുറിപ്പും കമ്മിഷണർ പുറത്തിറക്കി.
ആഗസ്റ്റ് 30ന് ജില്ലാ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സമിതി യോഗത്തിലെ 42ാം അജണ്ടയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. കണ്ണൂർ ജില്ലയെ കാലിത്തീറ്റ വിതരണത്തിൽ സ്വയംപര്യാപ്തമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്.എ.എസ്.പി സജേഷ് വാഴവളപ്പിൽ സെപ്തംബർ 23ന് അയച്ച സർക്കുലറിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കണമന്ന് നിർദേശിച്ചിരുന്നു.
അമിതചുമതലകളിൽ അതൃപ്തി
പരിമിതമായ മനുഷ്യവിഭവശേഷിയും അമിത ജോലിഭാരവുമുള്ള സാഹചര്യത്തിൽ മറ്റ് വകുപ്പുകളുടെ ചുമതലകൾ ഏൽപ്പിക്കുന്നതിനെതിരെ പൊലീസിനുള്ളിൽ അതൃപ്തി വർദ്ധിച്ചുവരുന്നുണ്ട്. നിയമസഭാ ചോദ്യങ്ങൾക്കുള്ള ഉത്തരം തയ്യാറാക്കുന്നതിന് ലെജിസ്ലേറ്റീവ് അസംബ്ലി എന്ന പേരിൽ പ്രത്യേകസംഘങ്ങളെ നിയോഗിച്ചതടക്കം ജോലി വർദ്ധിപ്പിക്കുന്നുവെന്ന അഭിപ്രായമാണ് സേനയിലുള്ളത്.
ഭാഷാപ്രയോഗത്തിൽ അവ്യക്തത
സർക്കുലറിലെ ഭാഷാപ്രയോഗത്തിൽ അവ്യക്തത ഉണ്ടായിരുന്നുവെന്ന് കമ്മിഷണർ സമ്മതിച്ചിട്ടുണ്ട്.'ഭൂമി കണ്ടെത്താൻ ബ്രോക്കർ പണിയും ഞങ്ങൾ ചെയ്യണോ?' എന്ന് ചോദിക്കുന്ന പൊലീസുകാരുടെ ട്രോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകചർച്ചയ്ക്ക് വഴിവച്ചു. പൊലീസ് ജോലിയുടെ സങ്കീർണതകൾ വർദ്ധിക്കുന്ന സമയത്ത് ഇത്തരം നിർദ്ദേശങ്ങൾ അനുചിതമാണെന്നാണ് അവരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |