ആലപ്പുഴ: പുഞ്ചകൃഷിയിൽ സംഭരിച്ച നെല്ലിന്റെ വിലയിൽ ഇനിയും കുടിശികയായുള്ള 62 കോടിയോളം രൂപ എന്ന് ലഭിക്കുമെന്നറിയാതെ കർഷകർ. ഓണത്തിന് മുമ്പായി 100 കോടി അനുവദിച്ചതിനു ശേഷമാണ് 62 കോടി രൂപ കുടിശികയുള്ളത്. ഓണം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഇത് എന്ന് വിതരണം ചെയ്യുമെന്നതിൽ വ്യക്തത വന്നിട്ടില്ല.
കേന്ദ്രത്തിൽ നിന്ന് പണം കിട്ടാത്തതിനാലാണ് തുക വിതരണം വൈകുന്നതെന്ന് സംസ്ഥാനവും പൊതുവിതരണരംഗത്ത് വിതരണം ചെയ്ത അരിയുടെ കണക്ക് ബോദ്ധ്യപ്പെടുത്താത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന് കേന്ദ്രവും പരസ്പരം പഴിചാരുമ്പോൾ വലയുന്നത് കർഷകരാണ്. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം ലഭിച്ചാലേ ശേഷിക്കുന്ന തുക വിതരണം ചെയ്യാനാകൂവെന്നാണ് ഇപ്പോഴത്തെ വിവരം. നെല്ല് സംഭരിച്ചാൽ 48 മണിക്കൂറിനകം കർഷകന്റെ അക്കൗണ്ടിൽ പണം നൽകുമെന്നതാണ് സപ്ളൈകോയുടെ സംഭരണ നയമെന്നിരിക്കെയാണ് വിലയ്ക്കായുള്ള കർഷകരുടെ കാത്തിരിപ്പ് തുടരുന്നത്.
രണ്ടാം കൃഷിയുടെ വളം, കീടനാശിനി പ്രയോഗത്തിന് സമയമായിരിക്കെ നയാപ്പൈസ കൈയ്യിലില്ലാതെ ദുരിതത്തിലാണ് കർഷകർ
ഓണം സമയത്ത് അനുവദിച്ച 100 കോടിയും പിന്നീട് നൽകിയ 72കോടിയും കഴിച്ചാൽ 62 കോടി രൂപയാണ് കർഷകർക്ക് ഇനിയും നൽകാനുള്ളത്.
സപ്ളൈകോ പാഡി ഓഫീസുകളും ബാങ്കുകളും അവധിയിലായിരുന്നതിനാൽ ഓണം കഴിഞ്ഞാണ് ഓണം സീസണിൽ അനുവദിച്ച 100 കോടി പലർക്കും ലഭിച്ചത്
നെല്ല് സംഭരണം
സംഭരിച്ച നെല്ല് ....................................5.80 ലക്ഷം ടൺ
ആകെ കർഷകർ..................................2,06,878
നെൽ വില............................................1,645 കോടി
കൊടുത്തത്..........................................1582.62 കോടി
ബാക്കി.....................................................62.38കോടി
അരിവിതരണം ചെയ്ത കണക്ക് കേന്ദ്രത്തിന് നൽകാത്തത് കർഷകന്റെ കുഴപ്പമല്ല. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുമ്പോൾ കൃഷിയ്ക്കും നിത്യച്ചെലവിനും പണമില്ലാതെ ആത്മഹത്യയുടെ വക്കിലാണ് കർഷകർ
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |