തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനുള്ള തീരുമാനം വൈകിയതിനെതിരെ കളക്ടർക്ക് രൂക്ഷവിമർശനം. രണ്ട് ദിവസമായി തുടരുന്ന മഴ വ്യാഴാഴ്ച രാത്രി കനത്തിരുന്നു. എന്നിട്ടും മന്ത്രി വി.ശിവൻകുട്ടി ഇടപെട്ടതിനു ശേഷമാണ് കളക്ടർ അവധി നൽകിയത്. പ്രഖ്യാപനം വന്നതിനു പിന്നാലെ കളക്ടറുടെ പേജിലും സമൂഹമാദ്ധ്യമങ്ങളിലും രക്ഷിതാക്കളുടെ വിമർശനം നിറഞ്ഞു. പല സ്കൂൾ ബസുകളും പുറപ്പെട്ട ശേഷമാണ് കളക്ടറുടെ അവധി അറിയിപ്പ് വന്നത്.അപ്പോഴേക്കും പലയിടത്തും കുട്ടികൾ സ്കൂളിലെത്തിയിരുന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തലേന്നുതന്നെ അവധി പ്രഖ്യാപിക്കേണ്ടതല്ലേ എന്നായിരുന്നു രക്ഷിതാക്കളുടെ ആക്ഷേപം. ഇതിനെതിരെയുള്ള പ്രതിഷേധമാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞത്.
ഉച്ചയോടെ അവധി പ്രഖ്യാപിച്ചാൽ കുറച്ചുകൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു,സ്കൂൾ ബസ് വരുന്നതിന് അഞ്ച് മിനിട്ട് മുൻപാണ് അറിയിപ്പ് ലഭിച്ചത്,രണ്ട് രാത്രിയും ഒരു പകലും മഴയുണ്ടായിട്ടും കളക്ടർ കാണാത്തത് കഷ്ടമായിപ്പോയി,കുട്ടികളും അദ്ധ്യാപകരും വാഹനത്തിൽ കയറിയ ശേഷമാണോ അവധി പ്രഖ്യാപിക്കുന്നത്, അധികാരികൾ തിരുവനന്തപുരത്തല്ലേ താമസം?
തുടങ്ങി മാഡം ഇപ്പോഴാണോ ഉണർന്നത് എന്നതരത്തിൽ കളക്ടറെ ട്രോളുന്ന കമന്റുകളും പ്രവഹിച്ചു.അവധി നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് കളക്ടർ അനുകുമാരി വിശദീകരിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ലായിരുന്നു.
ഞങ്ങൾക്കും അവധിവേണം
മന്ത്രിയോട് മറ്റ് ജില്ലക്കാർ...
തിരുവനന്തപുരത്തിന്റെ അവധി വിവരം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയോട് തിരുവനന്തപുരത്ത് മാത്രമല്ല, മഴയെന്നും തങ്ങൾക്കും അവധി വേണമെന്നും മറ്റ് ജില്ലക്കാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |